സിഎഎ: സുപ്രിം കോടതിയുടേത് നിസ്സംഗ സമീപനം- വെല്‍ഫെയര്‍ പാര്‍ട്ടി

ഡിസംബര്‍ രണ്ടാമത്തെ ആഴ്ച കോടതിക്ക് മുന്‍പില്‍ എത്തിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച കൂടി സമയം നല്‍കിയത് സാമാന്യ നീതിയുടെ നിഷേധമാണ്.

Update: 2020-01-22 13:35 GMT

തിരുവനന്തപുരം: ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയെ പച്ചയായി നിഷേധിക്കുന്ന സിഎഎ നിയമത്തിനെതിരേ നല്‍കിയ നൂറിലധികം ഹര്‍ജികള്‍ സംബന്ധിച്ച് നിസ്സംഗ സമീപനമാണ് സുപ്രിം കോടതി സ്വീകരിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ രണ്ടാമത്തെ ആഴ്ച കോടതിക്ക് മുന്‍പില്‍ എത്തിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന് നാലാഴ്ച കൂടി സമയം നല്‍കിയത് സാമാന്യ നീതിയുടെ നിഷേധമാണ്. രാജ്യത്തിന്റെ തെരുവുകളില്‍ ഉയര്‍ന്നുവന്ന ജനകീയ ശബ്ദത്തെ കോടതി അവഗണിക്കുകയാണ് ചെയ്തത്. ഹര്‍ജിക്കാരുടെ മുഴുവന്‍ വാദങ്ങളെയും നിരാകരിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ച് നല്‍കുകയും ചെയ്തത് നീതിപീഠത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കും.

വിശദീകരണം കേള്‍ക്കാന്‍ സമയം നീട്ടിനല്‍കുമ്പോള്‍, വിവേചനപരമായ നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കത്തെ കോടതിക്ക് തടയേണ്ടിയിരുന്നു. യുപി അടക്കമുള്ള സംഘ്പരിവാര്‍ ഭരണ സംസ്ഥാനങ്ങളില്‍ വംശീയ വിരോധത്തോടെ നിയമം ഏകപക്ഷീയമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തെ കോടതി അവഗണിച്ചു. നിയമം സ്‌റ്റേ ചെയ്യണം, എന്‍പിആര്‍ നടപടി നീട്ടിവെക്കണം എന്നതടക്കം ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് കോടതി അല്‍പം പോലും പരിഗണന നല്‍കിയില്ല. ഭരണകൂടം അമിതാധികാരം പ്രയോഗിക്കുമ്പോള്‍ ജനങ്ങള്‍ക്ക് രക്ഷ നല്‍കേണ്ടത് കോടതിയാണ്. ആ വിശ്വാസം ദുര്‍ബലമാകുന്നത് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ജനരോഷത്തെ വെല്ലുവിളിച്ച് നിയമം അടിച്ചേല്‍പിക്കുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ഈ ധൈര്യത്തില്‍ നിന്നാണ് ഉണ്ടാവുന്നത്. കോടിക്കണക്കിന് ജനങ്ങളില്‍ ഭീതി പരത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഈ സാഹചര്യത്തില്‍ നിയമത്തിനെതിരില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ജനാധിപത്യ സമൂഹം തയ്യാറാകണം. പൗരത്വ നിയമത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ആരംഭിച്ച പ്രക്ഷോഭങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തും. വംശീയ ഉന്‍മൂലനം ലക്ഷ്യം വെച്ചുള്ള സിഎഎ നിയമത്തെ സകല ശക്തിയും ഉപയോഗിച്ച് ചെറുക്കും. ജനാധിപത്യ സ്ഥാപനങ്ങളെ സംഘ്പരിവാര്‍ കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ തെരുവ് പ്രക്ഷോഭത്തെ കൂടുതല്‍ വിപുലപ്പെടുത്താന്‍ വരും ദിവസങ്ങളില്‍ ജനാധിപത്യ പോരാളികള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    

Similar News