കൊവിഡ് 19: ബ്രിട്ടന്‍ വീണ്ടും ലോക്ക് ഡൗണിലേക്കോ? മുന്നറിയിപ്പു നല്‍കി ബ്രിട്ടീഷ് ഭരണകൂടം

Update: 2020-09-18 12:34 GMT

ലണ്ടന്‍: യൂറോപ്പില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്നതായി ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തില്‍ ബ്രിട്ടന്‍ കൊവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡൗണ്‍ നടപടികളും തിരികെക്കൊണ്ടുവരുമെന്ന സംശയം ബലപ്പെടുന്നു. ഓരോ എട്ട് ദിവസം കൂടുമ്പോഴും ആശുപത്രിയിലാകുന്നവരുടെ എണ്ണം ഇരട്ടിക്കുന്നത് ബ്രിട്ടന്‍ ഗൗരവമായാണ് കാണുന്നത്. അടുത്ത ആഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് കരുതുന്നു. ബ്രിട്ടീഷ് ഭരണകൂടവും ഇത്തരമൊരു സാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

'ദേശീയ തലത്തില്‍ ഒരു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ, ആവശ്യമെങ്കില്‍ അത് ചെയ്യാനും തയ്യാറാണ്,'' ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ബിബിസി ടെലിവിഷനോട് പറഞ്ഞു. 'ഒരേ സമയം ജീവന്‍ സംരക്ഷിക്കുന്നതിനും ഉപജീവനമാര്‍ഗം സംരക്ഷിക്കുന്നതിനും വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് മൂലം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ രാജ്യമാണ് ബ്രിട്ടന്‍.

സ്‌കൂളുകളുടെ വാര്‍ഷിക അവധിക്കാലവുമായി ചേര്‍ന്നുവരുന്ന തരത്തില്‍ ഒക്ടോബറില്‍ ഒരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യവിഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്.

യൂറോപ്പിലെ കൊവിഡ് -19 ന്റെ രണ്ടാം തരംഗം ആരംഭിച്ചതായി ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. യൂറോപ്പില്‍ പകുതിയിലധികം രാജ്യങ്ങളിലും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 10 ശതമാനത്തിലധികം കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

യൂറോപ്പ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് പറഞ്ഞു. യൂറോപ്പിലെ പ്രതിവാര കൊവിഡ് കേസുകള്‍ ഇപ്പോള്‍ മാര്‍ച്ച് മാസത്തേക്കാള്‍ അധികമാണ്.

അതിനിടയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ക്കുമെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.  

Tags:    

Similar News