ഭീകരി പ്രഞ്ജ ഭീകരന്‍ ഗോദ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചു: രാഹുല്‍ ഗാന്ധി

ബിജെപി എംഎല്‍എ പ്രഞ്ജയുടെ ഗോദ്‌സെസ്തുതിക്കെതിരേ ലോക്‌സഭയില്‍ ചര്‍ച്ച അനുവദിക്കണമെന്ന ആവശ്യം സ്പീക്കര്‍ ഓം ബിര്‍ല നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്.

Update: 2019-11-28 07:00 GMT

ന്യൂഡല്‍ഹി: ഭീകരിയായ പ്രഞ്ജാ സിങ് ഠാക്കൂര്‍ ഭീകരനായ ഗോദ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചുവെന്ന് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യന്‍ പാര്‍ലമെന്റിനെ സംബന്ധിച്ചടത്തോളം ഒരു ദുഃഖദിനമാണ് ഇത് എന്നും മറ്റൊരു ട്വീറ്റിലൂടെ രാഹുല്‍ അഭിപ്രായപ്പെട്ടു.

ബിജെപി എംഎല്‍എ പ്രഞ്ജയുടെ ഗോദ്‌സെസ്തുതിക്കെതിരേ ലോക്‌സഭയില്‍ ചര്‍ച്ച അനുവദിക്കണമെന്ന ആവശ്യം സ്പീക്കര്‍ ഓം ബിര്‍ല നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്. പേര് എടുത്തു പറയാതെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഗോദ്‌സെ സ്തുതിയെ അപലപിച്ചു. ഗോദ്‌സെയെ രാജ്യസ്‌നേഹിയെന്നു വിളിക്കുന്ന തത്ത്വശാസ്ത്രത്തോട് ബിജെപിക്ക് യാതൊരു പ്രതിപത്തിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദ, പ്രഞ്ജാ സിങ്ങിന്റെ മോദിസ്തുതിയെ അപലപിച്ചിരുന്നു. മാത്രമല്ല, 21 അംഗ പ്രതിരോധ പാര്‍ലമെന്ററി പാനലില്‍ നിന്ന് നീക്കം ചെയ്യാനും ശുപാര്‍ശ ചെയ്തു. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ നിന്ന് ഈ സമ്മേളനകാലയളവില്‍ പ്രഞ്ജയെ മാറ്റിനിര്‍ത്തുമെന്നും പറഞ്ഞു. 


കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോദ്‌സെയെ, പ്രഞ്ജാ സിങ് രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിച്ചിരുന്നു. ഡിഎംകെ യുടെ എ രാജ, എസ്പിജി സുരക്ഷഗ്രൂപ്പ് (ഭേദഗതി) ബില്ലിനെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മഹാത്മാഗാന്ധിയെ താനെന്തുകൊണ്ട് വധിച്ചു എന്ന ഗോദ്‌സെയുടെ പ്രസ്താവനയെ പരാമര്‍ശിച്ചു സംസാരിച്ചിരുന്നു. ഇതു കേട്ട ഉടനെ പ്രഞ്ജ സിങ് ഗോദ്‌സെയെ സ്തുതിക്കുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തും അവര്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചും രാജ്യസ്‌നേഹിയെന്നു വിളിച്ചും വിവാദം സൃഷ്ടിച്ചിരുന്നു. ആഗ്രമല്‍വ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു ഗോഡ്‌സെ സ്തുതി. അതിനെതിരേ രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മോദി തന്നെ രംഗത്തുവന്നു. ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയ പ്രജ്ഞാ സിങ്ങിനോട് പൊറുക്കില്ലെന്നും മോദിക്ക് പറയേണ്ടിവന്നു. അന്ന് ഗോഡ്‌സെ സ്തുതിയില്‍ പ്രജ്ഞാ സിങ് ഖേദം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി അച്ചടക്കസമിതി പ്രശ്‌നം പരിശോധിച്ച് ഉചിതമായ നടപടി എടുക്കുമെന്ന് അന്നത്തെ ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷാ ഉറപ്പുനല്‍കി. പക്ഷേ, ഒന്നു നടന്നില്ല. 

Tags:    

Similar News