കൈക്കൂലി കേസില്‍ ബിജെപി എംഎല്‍എ ചന്ദ്രു ലമാനി ലോകായുക്ത പിടിയില്‍

Update: 2026-02-22 06:08 GMT

ബെംഗളൂരു: ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ കര്‍ണാടകയിലെ ബിജെപി എംഎല്‍എ ചന്ദ്രു ലമാനിയെ ലോകായുക്ത പോലിസ് അറസ്റ്റ് ചെയ്തു. ഗദഗ് ജില്ലയിലെ ചിഞ്ചാലി സ്വദേശിയായ കരാറുകാരന്‍ വിജയ് പൂജാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

ശിരഹട്ടി നിയമസഭാ എംഎല്‍എ ലമാനിയോടൊപ്പം രണ്ടു സഹായികളായ മഞ്ജുനാഥ് വാല്‍മീകി, ഗുരുനായ്ക് എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള സംരക്ഷണ ഭിത്തികളുടെ നിര്‍മാണവും വൃത്തിയാക്കലുമായി ബന്ധപ്പെട്ട കരാര്‍ ജോലികളില്‍ നിന്ന് 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. ഇതിനിടെ അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയതായി ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രതികളെ പിടികൂടുകയായിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ലോകായുക്തയുടെ പിടിയിലായ ലമാനിയെ ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ ഇപ്പോള്‍ എന്ത് പ്രതികരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. മറ്റുള്ളവര്‍ക്കെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നത് എളുപ്പമാണെങ്കിലും സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എ അറസ്റ്റിലായ സാഹചര്യത്തില്‍ മറുപടി പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കള്‍ അഴിമതിയില്ലാത്തവരാണെന്നും ലോകായുക്തയ്ക്ക് തെറ്റായ വിവരങ്ങള്‍ ലഭിച്ചിരിക്കാമെന്നുമായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പരിഹാസരൂപേന പ്രതികരിച്ചു.

Tags: