ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാനെ കുടുക്കിയതിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകന്‍; തെളിവുമായി മഹാരാഷ്ട്ര മന്ത്രി

Update: 2021-10-07 05:03 GMT
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട സംഘത്തെ കപ്പലില്‍ ലഹരി മരുന്നുമായി പിടികൂടിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ബിജെപി പ്രവര്‍ത്തകന്‍. കപ്പലില്‍ ലഹരി മരുന്ന് ഉപയോഗം നടക്കുന്നതായി നാര്‍കോടിക് ഉദ്യോഗസ്ഥരെ അറിയിച്ചതും ആര്യന്‍ ഖാനുമൊത്ത് കപ്പില്‍വച്ച് സെല്‍ഫി എടുത്തതും ബിജെപി പ്രവര്‍ത്തകനായ മനീഷ് ഭാനുശാലി ആണെന്ന് തെളിവുകള്‍ സഹിതം മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് വെളിപ്പെടുത്തി. താന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് മനീഷ് ഭാനുശാലിയും അറിയിച്ചിട്ടുണ്ട്.


ആര്യന്‍ ഖാനെ കപ്പില്‍ വച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടുന്നതിന് തൊട്ടുമുന്‍പ് ഇതേ ബിജെപി പ്രവര്‍ത്തകന്‍ ഒന്നിച്ച് നിന്ന് ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അത് തങ്ങളുടെ ഉദ്യോഗസ്ഥനല്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വിശദീകരിച്ചു. കേസില്‍ അര്‍ബാസ് മെര്‍ച്ചന്റിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ ഓഫീസിലേക്ക് കൊണ്ടുവന്നപ്പോഴും ബിജെപി പ്രവര്‍ത്തകന്‍ കൂടെയുണ്ടായിരുന്നു.


ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ കുടുക്കിയ റെയ്ഡിനും കേസിനും പിന്നില്‍ ബിജെപിയാണെന്ന് മന്ത്രി നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ഇത് തെളിയിക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മനീഷ് ഭാനുശാലി നില്‍ക്കുന്ന ഫോട്ടോയും നവാബ് മാലിക്ക് പുറത്തുവിട്ടിരുന്നു.


ആഡംബര കപ്പലില്‍ പാര്‍ട്ടി നടക്കുന്നതായി ഒക്ടോബര്‍ ഒന്നിനാണ് വിവരം ലഭിച്ചതെന്നും നാര്‍ക്കോട്ടിക്‌സ് ബ്യൂറോയെ സമീപിക്കാന്‍ സുഹൃത്താണ് നിര്‍ദേശിച്ചതെന്നും മനീഷ് പറയുന്നു. എന്‍സിബിക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത് തങ്ങളാണെന്നും മനീഷ് അവകാശപ്പെടുന്നുണ്ട്.




Tags:    

Similar News