എറണാകുളത്ത് ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Update: 2025-09-26 06:11 GMT

എറണാകുളം: തോപ്പുംപടി ബിഒടി പാലത്തിന്മേല്‍ അമിതവേഗത്തില്‍ വന്ന സ്വകാര്യബസ് സ്‌കൂട്ടറിനെ ഇടിച്ചുവീഴ്ത്തി ബൈക്ക് യാത്രികന്‍ മരിച്ചു. എളമക്കര പള്ളിപ്പറമ്പില്‍ ജോസ് ഡൊമിനിക് (56) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി 9.15ഓടെയായിരുന്നു അപകടം. ഫോര്‍ട്ട്കൊച്ചി കളമശ്ശേരി റൂട്ടിലോടുന്ന റോഡ്‌നെറ്റ് എന്ന ബസ്സാണ് സ്‌കൂട്ടറിനെ ഇടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്നു മുന്നോട്ട് കുതിച്ച ബസ്, എതിരേ വന്ന ജോസിന്റെ സ്‌കൂട്ടറിനെയാണ് ഇടിച്ചത്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ വാതില്‍ തുറന്ന് ബാഗുമായി ഇറങ്ങി ഓടുകയായിരുന്നു. കണ്ടക്ടറാണ് പിന്നീട് ബസ് പാലത്തില്‍ നിന്ന് മാറ്റിയത്. പാസഞ്ചര്‍മാരുടെ സഹായത്തോടെ ഒരു ഓട്ടോയില്‍ കയറ്റിയാണ് ജോസിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗവും സ്‌കൂട്ടറും തകര്‍ന്നു. ഡ്രൈവറിന്റെ മൊബൈല്‍ സ്വിച്ച്ഓഫ് ചെയ്തതിനാല്‍ പോലിസിന് പിടികൂടാനായില്ല. ഉടമയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

കൊച്ചിയില്‍ സ്വകാര്യബസുകള്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കുന്ന സംഭവങ്ങള്‍ പതിവായിക്കൊണ്ടിരിക്കുകയാണ്, സ്ഥിരം ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഉടമകള്‍ക്കും ഇവരെപ്പറ്റി വ്യക്തമായ ധാരണയില്ലെന്നുമാണ് പൊതുജനങ്ങളുടെ വിമര്‍ശനം. ചെറുപ്പക്കാരായ ചില ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നതായും പരാതിയുണ്ട്.

Tags: