ജാതി സമവാക്യങ്ങൾ ഫലം നിർണയിക്കുന്ന ബിഹാർ

Update: 2025-10-27 10:07 GMT

പട്ന: തിരഞ്ഞെടുപ്പ് ചൂടിൽ തിളച്ചുമറിയുന്ന ബിഹാറിൽ മുമ്പെന്ന പോലെത്തന്നെ ജാതി സമവാക്യങ്ങളാണ് ഇത്തവണയും രാഷ്ട്രീയ ബലാബലം നിർണയിക്കുന്നത്. സംസ്ഥാനത്ത് വിവാദമായ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനു ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പെന്നതു പോലെ പ്രധാനമാണ്, രാജ്യത്ത് ആദ്യമായി ജാതി സർവേ നടപ്പാക്കിയ സംസ്ഥാനമായ ബിഹാറിൽ അതിനുശേഷമുള്ള ആദ്യതിരഞ്ഞെടുപ്പെന്നതും. ലക്ഷക്കണക്കിന് വോട്ടർമാർ, പ്രത്യേകിച്ച് മുസ്‌ലിംകൾ, പട്ടികയിൽനിന്ന് വെട്ടിനീക്കപ്പെട്ടതായി വിവാദമുയർന്നിരുന്നു.

ജാതി സർവേ ഓരോ ജാതിയുടെയും ജാതികളുടെ ഗ്രൂപ്പിന്റെയും എണ്ണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ മാത്രമല്ല, അവരുടെ സാമൂഹികവും സാമ്പത്തികവുമായ നിലയെക്കുറിച്ചുള്ള പ്രസക്തവും പ്രധാനവുമായ വിവരങ്ങൾ കൂടി വെളിച്ചത്തു കൊണ്ടുവന്നു. ബിഹാർ പോലുള്ള ഒരു സംസ്ഥാനത്ത്, ജനങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തിനും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കോ സ്ഥാനാർഥിക്കോ വോട്ട് ചെയ്യാൻ അവർ തീരുമാനിക്കുന്നതിനും പിന്നിൽ ജാതി സ്വത്വം ഒരു പ്രധാന ഘടകമാണെന്ന് ഇതിനകം തെളിഞ്ഞിട്ടുള്ള കാര്യമാണ്. അതിനാൽ, ജാതി സർവേയിൽ, വളരെ താഴ്ന്ന സാമൂഹികവും സാമ്പത്തികവുമായ സൂചകങ്ങളുള്ള നിരവധി ജാതികൾ അടങ്ങുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (ഇബിസി) 35 ശതമാനം എന്ന ഞെട്ടിക്കുന്ന കണക്ക് ഒരു രാഷ്ട്രീയ പാർട്ടിക്കും തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുമ്പോൾ അവഗണിക്കാൻ കഴിയില്ല. എന്നാൽ എൻഡിഎയുടെ അന്തിമ സ്ഥാനാർഥി പട്ടിക ഈ കണക്ക് പ്രതിഫലിപ്പിക്കുന്നില്ലെന്നതാണ് യാഥാർഥ്യം.


ബിജെപി-ജെഡി (യു) സഖ്യത്തിലുള്ള എൻഡിഎ മുന്നണിയും കോൺഗ്രസ്-ആർജെഡി നേതൃത്വത്തിലുള്ള മഹാഗഢ്ബന്ധൻ സഖ്യവുമാണ് നവംബറിൽ രണ്ടു ഘട്ടമായി നടക്കുന്ന നിയമസഭയിലേക്കുള്ള മൽസരത്തിൽ നേർക്കുനേർ പൊരുതുന്നത്. ബിജെപി, ജനതാ ദൾ (യു), ലോക് ജൻശക്തി പാർട്ടി, ഹിന്ദുസ്ഥാനി അവാമി മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നീ കക്ഷികൾ ചേർന്നതാണ് എൻഡിഎ. രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, സിപിഐ, സിപിഎം, സിപിഐ (എംഎൽ), വികാസ് ശീല്‍ ഇൻസാൻ പാർട്ടി (വിഐപി) എന്നിവ ഉൾപ്പെടുന്നതാണ് മഹാസഖ്യം.

243 അംഗ നിയമസഭയിലേക്ക് 101 വീതം സീറ്റുകളിലേക്കാണ് എൻഡിഎ സഖ്യത്തിലെ ബിജെപിയും ജെഡി (യു) യും മൽസരിക്കുന്നത്. ചിരാഗ് പാസ്വാൻ്റെ എൽജെപി 29, രാഷ്ട്രീയ ലോക് മോർച്ച 6, ഹിന്ദുസ്ഥാനി അവാമി മോർച്ച 6 എന്നിങ്ങനെയാണ് എൻഡിഎ സഖ്യത്തിലെ മറ്റു കക്ഷികൾ ജനവിധി തേടുന്ന മണ്ഡലങ്ങളുടെ എണ്ണം.

ബിജെപിയുടെ 101 സ്ഥാനാർഥികളുടെ പട്ടികയിൽ 50 ശതമാനം പേരും മുന്നാക്ക ജാതിക്കാരാണ്. ബിജെപിയും ജെഡി (യു) യും ഉൾപ്പെടുന്ന എൻഡിഎ പട്ടികയിൽ ഇത് 35 ശതമാനം വരും. ഇതിനർഥം എൻഡിഎയുടെ സ്ഥാനാർഥി പട്ടികയിൽ മുന്നാക്ക ജാതിക്കാർക്കാണ് മുൻതൂക്കമെന്നാണ്.

ജെഡി(യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഇബിസികളെയും മഹാ ദലിതുകളെയും വളർത്തിയെടുക്കുകയും അവർക്കായി നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. അവർ പാർട്ടിയുടെ ശക്തമായ വോട്ട് ബാങ്കുമാണ്. എങ്കിലും, സാമൂഹിക നീതിയുടെ ആദർശം പ്രഖ്യാപിച്ച ജെഡി(യു), തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി മുന്നാക്ക ജാതിക്കാർക്ക് കൂടുതൽ ടിക്കറ്റ് നൽകാൻ മുതിർന്നത് എന്തുകൊണ്ടാണെന്നത് പ്രസക്തമായ ഒരു ചോദ്യമാണ്; മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യവും.

അതേസമയം, ജാതി സമവാക്യം ഗൗരവമായി കണക്കിലെടുത്തുള്ള ഒരു തിരഞ്ഞെടുപ്പ് തന്ത്രത്തിനാണ് ആർജെഡി ഇത്തവണ രൂപം കൊടുത്തിട്ടുള്ളത്. ആർജെഡി യുടെ 143 സ്ഥാനാർഥികളിൽ 15 പേർ സ്ത്രീകളും 52 പേർ പിന്നാക്ക സമുദായമായ യാദവ ജാതിയിൽനിന്നുള്ളവരും 18 പേർ മുസ്‌ലിംകളും 13 പേർ കുഷ്വാഹ ജാതിയിൽനിന്നുള്ളവരും രണ്ടുപേർ കുർമി ജാതിയിൽ നിന്നുള്ളവരുമാണ്. കുഷ്വാഹ, കുർമി ജാതികൾ രണ്ടും ഇബിസികളുടെ ഭാഗമാണ്. നിതീഷ് കുമാറിന്റെ ശക്തമായ വോട്ട് അടിത്തറയുമാണ് ഈ ജാതി വിഭാഗങ്ങൾ. യാദവ, മുസ്‌ലിം അടിത്തറയ്ക്ക് അപ്പുറത്തേക്ക് പോയി മറ്റ് ഇബിസികളെ സ്വീകരിക്കുന്നതിലൂടെ, മഹാഗഢ്ബന്ധനിലെ ഒരു പ്രധാന കക്ഷി എന്ന നിലയിൽ ആർ‌ജെ‌ഡി ഒരു പുതിയ തിരഞ്ഞെടുപ്പ് ഗണിതത്തിനാണ് മുൻതൂക്കം നൽകിയത്. ഇത് പുതിയൊരു തിരഞ്ഞെടുപ്പ് കണക്കുകൂട്ടലിന് അവർ ഒരുങ്ങുകയാണ് എന്നതിൻ്റെ സൂചനയായും കണക്കാക്കാം. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവിന് ലഭിച്ചതുപോലെ ചില നേട്ടങ്ങൾ ഇതിലൂടെ ആർജെഡിക്കും ലഭിക്കാം. പി‌ ഡി‌ എ അഥവാ പീച്ച്‌ഡെ , ദലിതർ, അൽപ്സംഖ്യക് എന്നതായിരുന്നു അദ്ദേഹത്തിൻ്റെ മുദ്രാവാക്യം. അതായത് പീച്ച്ഡെ അഥവാ പിന്നാക്ക ജാതികൾ, ദലിതർ, അൽപ്‌സംഖ്യക് അഥവാ ന്യൂനപക്ഷങ്ങൾ എന്ന ഫോർമുല സ്വീകരിച്ചു കൊണ്ടാണ് 2024ലെ പൊതുതിരഞ്ഞെടുപ്പിനെ അദ്ദേഹം നേരിട്ടത്. ജാതിഘടനയുടെ കാര്യത്തിലെ ഗണിതശാസ്ത്രം ബിഹാറിൽ ആർ‌ജെ‌ഡിക്കും മഹാഗഢ്ബന്ധനും നേട്ടമുണ്ടാക്കി കൊടുക്കുമോ എന്ന് കാത്തിരുന്നു കാണാം.

ഇങ്ങനെയൊക്കെയാണെങ്കിലും, ബിഹാറിൽ ഏകദേശം 18 ശതമാനത്തിനടുത്ത് ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിന് ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 നവംബറിലെ തിരഞ്ഞെടുപ്പിൽ എൻഡിഎയിലെ മുസ്‌ലിം സ്ഥാനാർഥികളുടെ എണ്ണം കേവലം അഞ്ചാണ്. അതിൽ ബിജെപിക്ക് ഒരു മുസ്‌ലിം സ്ഥാനാർഥി പോലുമില്ല. 101 സീറ്റുകളിൽ മൽസരിക്കുന്ന ജെഡി(യു) നാലും 29 സീറ്റുകളിൽ മൽസരിക്കുന്ന എൽജെപി ഒന്നും സ്ഥാനാർഥികളെ മാത്രമാണ് മുസ്‌ലിം സമുദായത്തിന് നൽകിയിരിക്കുന്നത്.


മറുവശത്താവട്ടെ, മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കുറച്ചുകൂടി മെച്ചപ്പെട്ട നിലയുണ്ടെന്ന് ആപേക്ഷികമായി ആശ്വസിക്കാം. 30സീറ്റുകളാണ് മുസ്‌ലിംകൾക്കായി മഹാഗഢ്ബന്ധൻ നീക്കിവച്ചിട്ടുള്ളത്. 143 സീറ്റുകളിൽ മൽസരിക്കുന്ന ആർജെഡി 18 സീറ്റുകൾ മുസ്‌ലിം സ്ഥാനാർഥികൾക്ക് അനുവദിച്ചപ്പോൾ 61 സീറ്റുകളിൽ മൽസരിക്കുന്ന കോൺഗ്രസ് പത്തും ദീപാങ്കർ ബാനർജിയുടെ നേതൃത്വത്തിലുള്ള സിപിഐ (എംഎൽ ലിബറേഷൻ) രണ്ടും സീറ്റുകൾ മുസ്‌ലിംകൾക്ക് നൽകിയിട്ടുണ്ട്. മറ്റു ഘടകകക്ഷികളായ വികാസ് ശീൽ ഇൻസാൻ പാർട്ടി, സിപിഐ, സിപിഎം എന്നീ പാർട്ടികൾ ഒരു മുസ്‌ലിം സ്ഥാനാർഥിയെ പോലും മൽസരിപ്പിക്കുന്നില്ല.

ബിഹാറിലെ യുവ വോട്ടർമാർ ഇത്തവണ തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. ജാതി-മത ഭേദമില്ലാതെ കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നും ബിരുദം നേടി സർക്കാർ ജോലികൾക്കായുള്ള പരീക്ഷകളിൽ വിജയിക്കാൻ കഠിനാധ്വാനം ചെയ്ത യുവാക്കൾ, ആവർത്തിച്ചുള്ള പരീക്ഷാ പേപ്പർ ചോർച്ച കാരണം വളരെയധികം നിരാശരും ദുഃഖിതരുമാണ്. വ്യാപകമായ തൊഴിലില്ലായ്മയ്ക്കും പതിവ് ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേ അവർ പ്രതിഷേധിച്ചപ്പോൾ, നിതീഷ് കുമാർ സർക്കാർ അവരെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്യുകയായിരുന്നു. "ജിസ്നെ ചലൈ ലാത്തി യൂത്ത് പർ, ഉസ്ക ഹിസാബ് ഹോഗ ബൂത്ത് പർ (യുവാക്കൾക്കെതിരേ ലാത്തി വീശിയവരുടെ വിധി ബൂത്തിൽ തീരുമാനിക്കപ്പെടും)" എന്ന മുദ്രാവാക്യം ബിഹാർ തിരഞ്ഞെടുപ്പിൽ ആന്ദോളനം സൃഷ്ടിക്കുമെന്നുറപ്പാണ്.

അഞ്ചുവർഷങ്ങൾക്ക് മുമ്പ് 2020 ൽ തേജസ്വി യാദവ് തന്റെ തിരഞ്ഞെടുപ്പ് തന്ത്രത്തിൽ ജനകീയ വിഷയങ്ങളായ വിദ്യാഭ്യാസം, വരുമാനം, ചികിൽസ, ജലസേചനം, പണപ്പെരുപ്പം എന്നിവ പ്രധാന പ്രചാരണ വിഷയങ്ങളായി സ്വീകരിച്ചിരുന്നു. അന്ന് ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവരുകയും ചെയ്തിരുന്നു.

2020ലെ പോലെ, ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ 2025ലും ബിജെപിയുടെ വർഗീയ അജണ്ടയെ പ്രതിരോധത്തിലാക്കുമെന്നതിൽ തർക്കമില്ല.എല്ലാ അഭിപ്രായ വോട്ടെടുപ്പുകളിലും തേജസ്വി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനേക്കാൾ 30 ശതമാനം മുന്നിലാണ്. ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ, ഭരണമാറ്റം ആഗ്രഹിക്കുന്നു. മഹാഗഢ്ബന്ധൻ ഏകകണ്ഠമായാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത്. ഈ മെച്ചം നിതീഷ് കുമാറിനില്ല. ഭരണവിരുദ്ധ വികാരവും വീണ്ടും നിതീഷും ജെഡി (യു)യും ഭരണത്തലപ്പത്ത് വരുന്നതിൽ ബിജെപിക്കുള്ള മുറുമുറുപ്പും നിതീഷിന് വിനയായി മാറാം.

അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം, തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടി എന്നിവയുടെ സാന്നിധ്യം ആരുടെ വോട്ട് ബാങ്കിലാണ് വിള്ളൽ വീഴ്ത്തുകയെന്നതും പ്രധാനമാണ്. ജൻ സൂരജ് പാർട്ടി ബിജെപിയുടെ ബി ടീം ആണെന്ന് മഹാഗഢ്ബന്ധനും തിരിച്ച് എൻഡിഎയും ആരോപണം ഉന്നയിക്കുമ്പോൾ, അസ്തമയം കാണുന്നതിനായി ഉദയം ചെയ്തതാണോ എന്ന നർമവും ബിഹാർ രാഷ്ട്രീയത്തിൽ അലയടിക്കുന്നുണ്ട്.

7.42 കോടി വോട്ടർമാരാണ് ബിഹാറിൽ വിധിയെഴുതുന്നത്. നവംബർ 6, 11 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.

Tags: