ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബജ്രംങ് ദള്‍
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രംങ് ദള്‍ പ്രവര്‍ത്തകര്‍. കോടതിക്ക് മുന്നിലായിരുന്നു പ്രതിഷേധപ്രകടനം. ജ്യോതി ശര്‍മയുള്‍പ്പെടെയുള്ള നേതാക്കള്‍ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്. കന്യാസ്ത്രീകളെബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അന്യായമായി തടവില്‍ വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയുള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചിരുന്നു.
അതേസമയം, കോടതി തീരുമാനം എടുക്കട്ടെ, കന്യാസ്ത്രീകള്‍ നിരപരാധികളാണെങ്കില്‍, അവരെ സുരക്ഷിതമായി അവരുടെ സ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഞങ്ങള്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്' എന്ന് കേരള ബിജെപി വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു.
മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ചാണ് കന്യാത്രീകളെ അറസ്റ്റ് ചെയ്തത്.സ്ത്രീകള്‍ പ്രായപൂര്‍ത്തിയായവരാണെന്നും അവരുടെ സമ്മതത്തോടെയാണ് യാത്ര ചെയ്തതെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും, പോലിസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 143 പ്രകാരവും 1968 ലെ ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരവും കുറ്റം ചുമത്തുകയും ചെയ്തു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മൂവരും ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നു.
