പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമം; ഡിജിപിക്ക് കത്തെഴുതി പെണ്‍കുട്ടിയുടെ പിതാവ്

Update: 2022-11-15 05:49 GMT

കല്‍പ്പറ്റ: പോക്‌സോ കേസ് അതിജീവിതയെ എഎസ്‌ഐ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ഡിജിപിക്ക് കത്തയച്ചു. ആരോപണവിധേയനായ അമ്പലവയല്‍ ഗ്രേഡ് എഎസ്‌ഐ ടി ജി ബാബു മൂന്നുദിവസത്തോളമായി ഒളിവിലാണ്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പോലിസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുകയാണ്. പ്രതിക്ക് പോലിസ് തന്നെ സംരക്ഷണമൊരുക്കുകയാണെന്ന ആക്ഷേപത്തിനിടെയാണ് അതിജീവിതയുടെ കുടുംബം ഡിജിപിക്ക് കത്തെഴുതിയത്.

എഎസ്‌ഐക്കെതിരായ പോലിസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. നിലവില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ എഎസ്‌ഐക്കെതിരേ എസ്‌സി- എസ്ടി കമ്മീഷന്‍ കേസെടുത്തിരുന്നു. വയനാട് ജില്ലാ പോലിസ് മേധാവിയോട് 10 ദിവസത്തിനുള്ളില്‍ വിഷയത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും അറിയിച്ചിരുന്നു.

കഴിഞ്ഞ ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ കേസിലെ അതിജീവിതയായ 17കാരിയെ ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോവുന്നതിനിടെ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും കൈയില്‍ക്കയറി പിടിക്കുകയുമായിരുന്നു. സംഭവത്തില്‍ അമ്പലവയല്‍ എഎസ്‌ഐ ടി ജി ബാബുവിനെ സസ്‌പെന്റ് ചെയ്തിരുന്നു. വനിതാ പോലിസുകാരുഉണ്ടായിട്ടും പെണ്‍കുട്ടിക്ക് ദുരനുഭവം നേരിട്ടത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എസ്‌ഐ സോബിനും വനിതാ പോലിസ് ഉദ്യോഗസ്ഥയ്ക്കുമെതിരേര വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Tags: