നിയമസഭാ തിരഞ്ഞെടുപ്പ്: വനിതകളെ തഴഞ്ഞ് സിപിഐയും സിപിഎമ്മും

Update: 2021-03-10 10:49 GMT

തിരുവനന്തപുരം: സിപിഐയുടെയും സിപിഎമ്മിന്റെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നപ്പോള്‍ വനിതകള്‍ക്ക് നാമമാത്രമായ പ്രാതിനിധ്യം. ഇതുവരെ പുറത്തുവന്ന സ്ഥാനാര്‍ത്ഥിപ്പട്ടികയനുസരിച്ച് സിപിഐ 4.7 ശതമാനം സീറ്റിലും സിപിഎം 14.4 ശതമാനം സീറ്റിലുമാണ് വനിതകളെ മല്‍സരിപ്പിക്കുന്നത്.

25 മണ്ഡലങ്ങളുളള സിപിഐ അവരുടെ 21 മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. സിപിഐ ഒരു വനിതയെ മാത്രമാണ് മല്‍സരിപ്പിക്കുന്നത്. വൈക്കം മണ്ഡലത്തിലെ സി കെ ആശ. നാല് മണ്ഡലങ്ങളില്‍ ഇനിയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല. ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക മണ്ഡലങ്ങളാണ് ബാക്കിയുള്ളത്.

സിപിഎം 85 സീറ്റില്‍ 83 മണ്ഡലങ്ങളിലെ പട്ടികയാണ് പുറത്തുവിട്ടത്. അതില്‍ 12 മണ്ഡലങ്ങളിലാണ് വനിതകളെ മല്‍സരിപ്പിക്കുന്നത്. അത് ഏകദേശം ആകെ സീറ്റിന്റെ 14.4 ശതമാനം വരും.

കെ കെ ശൈലജ-മട്ടന്നൂര്‍, കാനത്തില്‍ ജമീല-കൊയിലാണ്ടി, ജിജി പി-വേങ്ങര, പി മിഥുന-വണ്ടൂര്‍, കെ ശാന്തകുമാരി-കോങ്ങാട്, പ്രഫ. ആര്‍ ബിന്ദു-ഇരിങ്ങാലക്കുട, ഷെല്‍ന നിഷാദ് അലി-ആലുവ, ദലീമ ജോജോ-അരൂര്‍, അഡ്വ. യു പ്രതിഭ-കായംകുളം, വീണ ജോര്‍ജ്- ആറന്മുള, ജെ മേഴ്‌സിക്കുട്ടിയമ്മ-കുണ്ടറ, ഒ എസ് അംബിക-ആറ്റിങ്ങല്‍ തുടങ്ങയവയാണ് സിപിഎം നിതകളെ മല്‍സരിപ്പിക്കുന്ന മണ്ഡലങ്ങള്‍.

അതേസമയം 12ല്‍ എട്ടെണ്ണവും വിജയസാധ്യതയുളള സീറ്റുകളായി കരുതപ്പെടുന്നവയാണ്. മട്ടന്നൂര്‍, കൊയിലാണ്ടി, കോങ്ങാട്, ഇരിങ്ങാലക്കുട, കായംകുളം, ആറന്മുള, കുണ്ടറ, ആറ്റിങ്ങല്‍ എന്നിവ 2016 തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചിരുന്നു. സിപിഐയുടെ ആശയും സിറ്റിങ് എംഎല്‍എയാണ്.

Tags: