എ.ആര്‍ നഗര്‍ ബാങ്ക്, ലീഗ് നേതാക്കളുടെ സ്വിസ് ബാങ്ക്; ലീഗിനെതിരേ ആഞ്ഞടിച്ച് കെ ടി ജലീല്‍

Update: 2021-09-06 12:27 GMT

മലപ്പുറം: എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1,021 കോടിരൂപയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്ന് മുന്‍ മന്ത്രി ഡോ. കെ ടി ജലീല്‍. ഇതിന്റെയെല്ലാം മുഖ്യസൂത്രധാരര്‍

ലീഗ് നേതാവും മുന്‍ വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണെന്നും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന ഹരികുമാര്‍ അദ്ദേഹത്തിന്റെ ബിനാമിയാണെന്നും ജലീല്‍ ആരോപിച്ചു. 

''പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആര്‍ നഗര്‍ കോപ്പറേറ്റീവ് ബാങ്കില്‍ അന്‍പതിനായിരത്തില്‍പരം അംഗങ്ങളും എണ്‍പതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്. 257 കസ്റ്റമര്‍ ഐ.ഡി കളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാര്‍ നടത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വി.കെ ഹരികുമാര്‍ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് ഈ ബിനാമി അക്കൗണ്ടുകളെല്ലാം''- കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മാത്രം 114 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ ഇതുവഴി നടന്നതായാണ് സഹകരണ രജിസ്ട്രാറുടെ അന്വേഷണ റിപോര്‍ട്ട് സൂചിപ്പിക്കുന്നതെന്നും ജലീല്‍ പറഞ്ഞു. 

''ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു റാന്‍ഡം പരിശോധനയില്‍ കണ്ടെത്തിയ 257 കസ്റ്റമര്‍ ഐഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐഡികളും പരിശോധിക്കപ്പെട്ടാല്‍ കള്ളപ്പണ ഇടപാടില്‍ രാജ്യത്തെതന്നെ ഞെട്ടിക്കുന്ന പകല്‍ കൊള്ളയുടെ ചുരുളഴിയും''- ഈ സഹകരണ സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കായാണ് മാറ്റിയിരിക്കുകയാണെന്ന ഗുരുതരമായ ആരോപണം ജലീല്‍ ഉന്നയിച്ചു. 

''പി.കെ കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും കേരളത്തിലെ വ്യവസായ വകുപ്പ് മന്ത്രിമാരായിയിരിക്കെ പൊതുമേഖല സ്ഥാപനമായ ടൈറ്റാനിയത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടന്നു വരികയാണ്. ആ പണം എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ വ്യാജ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്''- പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിക്കിന് വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ഇതേ ബാങ്കില്‍ 3 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ആര്‍ബിഐ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

Tags:    

Similar News