ആനത്തലവട്ടം ആനന്ദന്റെ പരാമര്‍ശം: സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പിഡിപി

പാര്‍ട്ടി രൂപീകരണ കാലഘട്ടത്തില്‍ ഏറ്റവും ശക്തമായി സിപിഎം ആണ് പിഡിപിയെ എതിര്‍ത്തതെന്നും അബ്ദുന്നാസിര്‍ മഅ്ദനിയുടെ കയ്യും കാലും തല്ലിയൊടിച്ചതിന് ശേഷമാണ് നിലപാട് മയപ്പെട്ടതെന്നും പ്രസ്താവന നടത്തിയ ആനത്തലവട്ടത്തിന്റെ മനോനില തകരാറിലാണോ എന്ന് വിദഗ്ദ പരിശോധന നടത്താന്‍ സിപിഎം തയ്യാറാകണം.

Update: 2021-02-03 12:08 GMT

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരേ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി. പാര്‍ട്ടി രൂപീകരണ കാലഘട്ടത്തില്‍ ഏറ്റവും ശക്തമായി സിപിഎം ആണ് പിഡിപിയെ എതിര്‍ത്തതെന്നും അബ്ദുന്നാസിര്‍ മഅ്ദനിയുടെ കയ്യും കാലും തല്ലിയൊടിച്ചതിന് ശേഷമാണ് നിലപാട് മയപ്പെട്ടതെന്നും പ്രസ്താവന നടത്തിയ ആനത്തലവട്ടത്തിന്റെ മനോനില തകരാറിലാണോ എന്ന് വിദഗ്ദ പരിശോധന നടത്താന്‍ സിപിഎം തയ്യാറാകണം.

സംഘ്പരിവാരത്തെ തൃപ്തിപ്പെടുത്തി തിരഞ്ഞെടുപ്പ് നേട്ടം കൊയ്യാന്‍ മഅ്ദനിയില്‍ തീവ്രവാദവും വര്‍ഗീയതയും ആരോപിക്കുന്നവര്‍ കണക്കുകള്‍ക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കരുത്. സിപിഎം പ്രവര്‍ത്തകനെ പിഡിപിക്കാര്‍ വെട്ടിക്കൊന്നു എന്ന് ആക്ഷേപം ഉന്നയിച്ച ആനത്തലവട്ടം കഴിഞ്ഞ 28 വര്‍ഷത്തെ നിയമസഭാ രേഖകള്‍ പരിശോധിക്കാന്‍ തയ്യാറാകണം. ഓരോ വര്‍ഷവും നടന്ന രാഷ്ട്രീയ, വര്‍ഗീയ അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും കുറ്റവാളികളുടെ പാര്‍ട്ടി തിരിച്ചുള്ള കണക്കുകള്‍ ഉള്‍പ്പെടെ നിയമസഭയില്‍ അവതരിപ്പിക്കപ്പെടാറുണ്ട്. 1993ല്‍ പിഡിപി രൂപീകരിക്കപ്പെട്ടതിന് ശേഷം ഇന്നോളമുള്ള ഏതെങ്കിലും കണക്കുകളില്‍ പിഡിപിയുടെ പേര് ഉള്‍പ്പെട്ടിട്ടില്ല. സംഘ്പരിവാര്‍ ഫാസിസത്തിനും ഭരണകൂട ഭീകരതക്കുമെതിരേ എക്കാലവും നിലപാട് സ്വീകരിച്ച മഅ്ദനിക്കെതിരേ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ നേരത്തെ ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ ഇപ്പോള്‍ ഇടത് വലത് നേതാക്കള്‍ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര പ്രസ്താവനയില്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളിലും അല്ലാതെയും അനാവശ്യമായി മഅ്ദനിയേയും, പിഡിപിയേയും അഹഹേളിച്ച ആ നത്തലവട്ടം ആനന്ദന്റെയും എ എന്‍ ഷംസുദീന്റെയും അബ്ദുല്‍ റഹ്മാന്‍ രണ്ടാത്താണിയുടേയും ടി എന്‍ പ്രതാപന്‍ എംപിയുടേയും വസതികളിലേക്ക് നാളെ രാവിലെ 11ന് പിഡിപി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും സാബു കൊട്ടാരക്കര പറഞ്ഞു.

Tags:    

Similar News