ആലിപ്പറമ്പ് കവര്‍ച്ച; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

പെരിന്തല്‍മണ്ണ പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ സി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് മോഷണം നടന്ന ആലിപ്പറമ്പിലെ വീട്ടില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

Update: 2021-07-24 01:28 GMT

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ആലിപ്പറമ്പിലുള്ള അടച്ചിട്ട വീടിന്റെ പൂട്ട് തകര്‍ത്ത് 19 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും 18,000 രൂപയും കവര്‍ന്ന കേസിലെ പ്രതികളെ സ്ഥലത്തെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി.

പെരിന്തല്‍മണ്ണ പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ സി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് മോഷണം നടന്ന ആലിപ്പറമ്പിലെ വീട്ടില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് വീടിന്റെ പൂട്ട് തകര്‍ക്കാനുപയോഗിച്ച് ഉപേക്ഷിച്ച ആയുധം പട്ടാമ്പി മീന്‍ മാര്‍ക്കറ്റിന് സമീപത്തുള്ള കാട് നിറഞ്ഞ പ്രദേശത്തു നിന്നും പോലിസ് കണ്ടെടുത്തു. റിമാന്റിലായിരുന്ന പ്രതികളെ കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനിലെ പോലിസ് ഓഫിസര്‍മാരായ മുഹമ്മദ് സജീര്‍, ദിനേശ്, മിഥുന്‍, രാജേഷ്, നിഖില്‍, പ്രഭുല്‍, സുകുമാരന്‍, ഫൈസല്‍ എന്നിവരുള്‍പെട്ട ആന്വേഷണ സംഘമാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

ജൂലൈ മാസം ഏഴാം തീയ്യതി പട്ടാപ്പകല്‍ സമയത്താണ് പെരിന്തല്‍മണ്ണ ആലിപ്പറമ്പിലുള്ള അടച്ചിട്ട വീടിന്റെ പൂട്ട് തകര്‍ത്ത് 19 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും 18,000 രൂപയും പ്രതികള്‍ ചേര്‍ന്ന് കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പോലിസ് ചുരുങ്ങിയ ദിവസങ്ങള്‍ക്കകം അന്തര്‍സംസ്ഥാന മോഷ്ടാക്കളായ പ്രതികളെ വലയിലാക്കുകയായിരുന്നു.

Tags:    

Similar News