ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രായേല്‍ വ്യോമാതിര്‍ത്തി അടച്ചു. ഇതോടെ ഡല്‍ഹിയില്‍ നിന്ന് തെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 139 വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയും ഇസ്രായേലില്‍ വ്യോമഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതുമാണ് വിമാനം തിരിച്ചുവിടാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിമാനം സുരക്ഷിതമായി മുംബൈയില്‍ ഇറക്കിയതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങള്‍ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും സാഹചര്യം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോയും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇറാനും സമീപ പ്രദേശങ്ങളും സംബന്ധിച്ച സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമായാല്‍ സര്‍വീസുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ നിലവിവരം പരിശോധിക്കണമെന്ന് യാത്രക്കാരോട് ഇന്‍ഡിഗോ അഭ്യര്‍ഥിച്ചു. ഇസ്രായേല്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര സര്‍വീസുകളെയും ബാധിക്കുന്നതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫേളൈറ്റ് റഡാര്‍24.കോം അറിയിച്ചു.
