തിരുവനന്തപുരം: സ്ത്രീകളോട് മോശമായി സംസാരിച്ചെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു നീക്കാന്‍ എഐസിസി നിര്‍ദേശം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ എഐസിസിയിലേക്കും പരാതി പ്രവാഹം എന്നാണ് സൂചന. രാജിവച്ചില്ലെങ്കില്‍ പുറത്താക്കും എന്നാണ് വിവരം.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ രാഹുലിനെതിരെ പരാതി നല്‍കിയെന്നാണ് വിവരം. ഇത് അന്വേഷിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നാണ് വിലയിരുത്തല്‍.
അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും പറഞ്ഞ് നടി റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് രാഹുലിനെതിരേ നടപടി എടുക്കണമെന്നാവശ്യം ഉയരുന്നത്. ആരുടേയും പേര് പറയാതെയായിരുന്നു ആരോണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് രംഗത്ത് വന്നിരുന്നു. അതേസമയം, ആരോപണങ്ങളില്‍ ഇതുവരെ രാഹുല്‍ പ്രതികരിച്ചിട്ടില്ല.