താനൂര്‍ തീരദേശത്ത് വീണ്ടും അക്രമം: ട്രോമാ കെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍

ത്വാഹാബീച്ച് സ്വദേശി എറമുള്ളാന്‍ പുരക്കല്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് ശേഷമാണ് സംഭവം.

Update: 2020-04-13 17:30 GMT

താനൂര്‍: താനൂര്‍ തീരദേശത്ത് വീണ്ടും അക്രമം ട്രോമാ കെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധര്‍ കത്തിച്ച നിലയില്‍. ത്വാഹാബീച്ച് സ്വദേശി എറമുള്ളാന്‍ പുരക്കല്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് ശേഷമാണ് സംഭവം.

താഹാ ബീച്ചില്‍ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള ക്രസന്റ് ബേക്കറിക്കു മുന്നിലാണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. രാത്രി കടയടച്ച് വീട്ടിലേക്ക് പോന്നതായിരുന്നു. തുടര്‍ച്ചയായി ഹോണടിക്കുന്ന ശബ്ദം കേട്ട് കടയുടെ സമീപത്തെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓട്ടോയില്‍ നിന്ന് തീ പടര്‍ന്ന് കടയുടെ നെയിംബോര്‍ഡും നശിച്ചു.

ദിവസങ്ങള്‍ക്കു മുമ്പ് ട്രോമാകെയര്‍ പ്രവര്‍ത്തകനായ ത്വാഹാ ബീച്ച് സ്വദേശി ജാബിറിനെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓട്ടോറിക്ഷ കത്തിച്ചത് എന്നു സംശയിക്കപ്പെടുന്നു. മൂന്നു മാസം മുമ്പ് മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണ് ഓട്ടോയെന്ന് ഹാരിസ് പറഞ്ഞു. അടച്ചുപൂട്ടല്‍ ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പോലിസ് പിടികൂടുന്നത് ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയതിന് അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ആക്രമണം എന്നാണ് ഹാരിസിന്റെയും അഭിപ്രായം.

ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഓട്ടോ കത്തിച്ചതാവാനുള്ള സാധ്യത ഏറെയാണെന്നും ഹാരിസിന് രാഷ്ട്രീയ പാര്‍ടികളുമായി അടുത്ത ബന്ധമില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും താനൂര്‍ സിഐ പി പ്രമോദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സാമൂഹിക വിരുദ്ധര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കിയതായും സിഐ അറിയിച്ചു. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. തീര്‍ത്തും സമാധാനാന്തരീക്ഷത്തിലേക്ക് നീങ്ങിയ തീരദേശത്ത് ലോക് ഡൗണ്‍ കാലത്തും ആക്രമം വിതയ്ക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച വി അബ്ദുറഹ്മാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജന സേവന രംഗത്ത് പോലിസിനെയും, ഫയര്‍ഫോഴ്‌സിനെയുെമെല്ലാം ഏറെ സഹായിക്കുന്ന സന്നദ്ധ സേനാംഗങ്ങളെ ആക്രമിക്കുന്നതിലൂടെ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിനു നേതൃത്വം നല്‍കുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പൊലീസ് ജാഗ്രത കാണിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും വി അബ്ദുറഹ്മാന്‍ എംഎല്‍എ പറഞ്ഞു. 

Tags:    

Similar News