കൊടുവള്ളി മണ്ഡലത്തില്‍ തദ്ദേശ റോഡ് പുനരുദ്ധാരണത്തിന് 6.18 കോടിയുടെ ഭരണാനുമതി

Update: 2020-07-03 17:03 GMT

കോഴിക്കോട്: കൊടുവള്ളി നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തി 54 റോഡുകളുടെ പ്രവൃത്തിക്ക് 6.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പ്രാദേശിക റോഡുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നത്.

ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് അനുവദിച്ചിട്ടുള്ളത്. മരാമത്ത് പണികള്‍ക്ക് പ്ലാന്‍ ഫണ്ടില്‍നിന്നും പാലിക്കേണ്ട എല്ലാ നിബന്ധനകളും പാലിച്ച്, റോഡുകളുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനും രണ്ടു വര്‍ഷത്തെ ഉറപ്പ് വേണമെന്ന നിബന്ധനകളോടെയാണ് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് എംഎല്‍എ അറിയിച്ചു.

നരിക്കുനി, മടവൂര്‍, കിഴക്കോത്ത്, കട്ടിപ്പാറ, ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തുകള്‍, കൊടുവള്ളി നഗരസഭ എന്നിടങ്ങളിലാണ് തുക അനുവദിച്ചിട്ടുള്ളത്. 

Similar News