ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ മൂലം കിടപ്പാടം നഷ്ടപ്പെട്ട ആദിവാസികള്‍ പ്രക്ഷോഭത്തിലേക്ക്

1000 മുതല്‍ 1700 ഏക്ര ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആദിവാസികളടക്കമുള്ള കര്‍ഷകരാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്‌

Update: 2019-10-24 06:23 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കും നര്‍മ്മദ ഡാമിനും വേണ്ടി കിടപ്പാടം നഷ്ടപ്പെട്ട ആദിവാസികള്‍ പ്രക്ഷോഭത്തിലേക്ക്. ഈ രണ്ടു പദ്ധതികള്‍ക്കും വേണ്ടി 1000 മുതല്‍ 1700 ഏക്ര ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആദിവാസികളടക്കമുള്ള കര്‍ഷകരാണ് അഹമ്മദാബാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വച്ച് തങ്ങളുടെ ഭാവിപരിപാടികള്‍ വ്യക്തമാക്കിയത്. ഗുജറാത്തിലെ പ്രമുഖരായ മനുഷ്യാവകാശപ്രവര്‍ത്തകരുടെ മുന്‍കൈയിലായിരുന്നു പത്രസമ്മേളം.

ഗുജറാത്തിലെ നവഗാം, ലിംഡി, ഗോറ, വഗാഡിയ, കെവാഡിയ, മിച്ചി തുടങ്ങി ആറ് ഗ്രാമങ്ങളില്‍ നിന്നായി 1100-1700 ഏക്ര ഭൂമിയാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. ഈ ഭൂമിയില്‍ എണ്ണായിരത്തോളം പേര്‍ താമമുണ്ടായിരുന്നുവെന്നാണ് കണക്ക്. അവരില്‍ പലരില്‍ നിന്നും ഭൂമി നിയമവിരുദ്ധമായി പിടിച്ചെടുക്കുകയായിരുന്നു. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ടൂറിസംപദ്ധതികളില്‍ ഉള്‍പ്പെടുത്തി പകരം തൊഴില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ധാനം നല്‍കിയിരുന്നെങ്കിലും വാക്ക് പാലിച്ചില്ല. പകരം പിടിച്ചെടുത്ത ഭൂമി വന്‍കിട സംരംഭകര്‍ക്ക് ഹോട്ടലുകളും റിസോര്‍ട്ടുകളും പണിയാന്‍ പാട്ടവ്യവസ്ഥയില്‍ കൊടുത്തുവെന്ന് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂമി പിടിച്ചെടുത്തത് നിയമപരമായിരുന്നില്ലെന്നാണ് റിപോര്‍ട്ട്. പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി ഭൂമി പിടിച്ചെടുക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കുന്ന പെസ ആക്റ്റിന് വിരുദ്ധമായിരുന്നു പലതും. റൈറ്റ് റ്റു ഫെയര്‍ കോംപെന്‍സേഷന്‍ ആന്റ് ട്രാന്‍സ്പാരന്‍സി ആക്റ്റിലെ സെക്ഷന്‍ 24 ഉം പാലിച്ചില്ല. ഭൂമി പിടിച്ചെടുക്കുന്നതിനെതിരേ തദ്ദേശസ്ഥാപനങ്ങള്‍ പാസാക്കിയ പ്രമേയവും സര്‍ക്കാര്‍ കാറ്റില്‍പറത്തി.

പല കേസിലും ഭൂമി പിടിച്ചെടുത്തപ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. പലതിലും ഉടമകള്‍ ഇപ്പോഴും ആദിവാസികളാണ്. പോലിസ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി താമസക്കാരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പുറത്താക്കുകയായിരുന്നു.

സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയ ശേഷം ഇവരില്‍ പലരും തൊഴില്‍രഹിതരായി. ആദ്യം നടന്നു കച്ചവടക്കാരായി മാറിയ പലരും പിന്നീട് കൂലിപ്പണിക്കാരായി. പലര്‍ക്കും കിട്ടുന്നത് മിനിമം വേതനത്തിനേക്കാള്‍ കുറവുമാണ്. നര്‍മ്മദയിലോ സര്‍ദാര്‍ പ്രതിമ കാണാനോ ഏതെങ്കിലും പ്രധാനപ്പെട്ട വ്യക്തികള്‍ എത്തിയാല്‍ പ്രദേശത്തെ പലരെയും കരുതല്‍ തടങ്കലില്‍ വെക്കുന്നുവെന്നും ആക്ഷേപമുണ്ട്.

നര്‍മ്മദ ഡാം പണി നടക്കുന്ന കാലത്ത് പിടിച്ചെടുത്ത ഭൂമിയുടെ നിയമപരമായ ഉടമസ്ഥര്‍ പലരും ആദിവാസികളാണ്. നര്‍മ്മദയുടെ പണി അവസാനിച്ച സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഭൂമി തിരികെക്കിട്ടണമെന്നാണ് ആദിവാസികള്‍ ആവശ്യപ്പെടുന്നത്. പക്ഷേ, അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളുകയായിരുന്നു. 

Tags:    

Similar News