പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭം: യുപി സര്‍ക്കാരിനെ വിമര്‍ശിച്ച പ്രിയങ്കയ്‌ക്കെതിരേ യോഗി ആദിത്യനാഥ്

പൗരത്വ ഭേദഗതിക്കെതിരേ നടന്ന പ്രക്ഷോഭത്തില്‍ നിരവധി പേര്‍ക്കാണ് യുപിയില്‍ പോലിസ് വെടിവെപ്പില്‍ ജീവന്‍ നഷ്ടമായത്.

Update: 2019-12-30 18:07 GMT

ലഖ്‌നോ: പൗരത്വ ഭേദഗതി പ്രക്ഷോഭത്തെ തല്ലിയൊതുക്കിയ യുപി സര്‍ക്കാരിനെ വിമര്‍ശിച്ച പ്രിയങ്കക്കെതിരേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് യോഗി ആദിത്യനാഥ് പ്രിയങ്കക്കെതിരേ ഭീഷണി മുഴക്കിയത്.

''സന്യാസിയുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നവര്‍ ആരായാലും അവരെ ശിക്ഷിക്കും. രാഷ്ട്രീയം പാരമ്പര്യമായി കിട്ടിയവര്‍ക്കും പ്രീണന രാഷ്ട്രീയം പ്രായോഗികമാക്കുന്നവര്‍ക്കും സേവനത്തിന്റെ അര്‍ത്ഥം പിടികിട്ടണമെന്നില്ല''- യോഗി ആദിത്യനാഥ് പ്രിയങ്കയെ ഉന്നംവച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

യുപി സര്‍ക്കാര്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരേയും സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടു കെട്ടുന്നതിനെതിരേയും പ്രിയങ്ക പത്രസമ്മേനത്തില്‍ ആഞ്ഞടിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്തവരോട് പ്രതികാരം ചെയ്യുമെന്നായിരുന്നു യോഗിയുടെ ഭീഷണി.

ഇന്ത്യയുടെ ആത്മാവില്‍ പ്രതികാരത്തിന് ഒരു പങ്കുമില്ലെന്ന് യോഗി ആദിത്യനാഥിന്റെ കാഷായവസ്ത്രം ചൂണ്ടിക്കാട്ടി പ്രിയങ്ക പറഞ്ഞിരുന്നു. ഇത് കാരുണ്യത്തിന്റെ ബിംബമായ ഭഗവാന്‍ കൃഷ്ണന്റെ രാജ്യമാണ്, രാമന്റെ രാജ്യമാണ്. മഹാഭാരത യുദ്ധത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് നല്‍കിയ ഉപദേശം പ്രതികാരത്തിന്റെയും കോപത്തിന്റെയുമായിരുന്നില്ല, സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയുമായിരുന്നു- പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയുടെ പത്രസമ്മേളനത്തോട് ആദ്യം പ്രതികരിച്ചത് യോഗിയുടെ ഏറ്റവും തൊട്ടടുത്ത ആളായ ദിനേഷ് ശര്‍മ്മയാണ്. രാഷ്ട്രീയത്തിനു വേണ്ടി പ്രിയങ്ക മതങ്ങളെ തമ്മിലകറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പൗരത്വ ഭേദഗതിക്കെതിരേ നടന്ന പ്രക്ഷോഭത്തില്‍ നിരവധി പേര്‍ക്കാണ് യുപിയില്‍ പോലിസ് വെടിവെപ്പില്‍ ജീവന്‍ നഷ്ടമായത്. 

Tags:    

Similar News