യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റും വനിതകള്‍ക്ക്; ജാതിയെ ലിംഗസമത്വം കൊണ്ട് നേരിടാനൊരുങ്ങി കോണ്‍ഗ്രസ്

Update: 2021-10-19 09:31 GMT

ലഖ്‌നോ: ജാതി പ്രധാന വിഷയമായ യുപി തിരഞ്ഞെപ്പിനെ ലിംഗസമത്വമുദ്രവാക്യം കൊണ്ട് നേരിടാനുറപ്പിച്ച് കോണ്‍ഗ്രസ്. അടുത്ത യുപി തിരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് 40 ശതമാനം സീറ്റും വനിതകള്‍ക്ക് നീക്കിവയ്ക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും യുപിയുടെ മേല്‍നോട്ടവുമുള്ള പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു.

''വനിതകള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും അവരെ മുന്നോട്ട് നയിക്കുകയും വേണം...ഈ തീരുമാനം യുപിയിലെ പെണ്‍കുട്ടികള്‍ക്കുള്ളതാണ്. മാറ്റം കൊണ്ടുവരുന്ന വനിതകള്‍ക്കുള്ളതാണ്''- പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുപി തിരിച്ചുപിടിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ് നേതൃത്വമാണ് പ്രിയങ്കയെ യുപിയില്‍ നിയോഗിച്ചത്.

സ്ഥാനാര്‍ത്ഥികളുടെ കഴിവും കാര്യക്ഷമതയുമനുസരിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയെന്ന് പ്രിയങ്ക പറഞ്ഞു. 2019 ജനുവരിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

സാധാരണ ജാതിയാണ് യുപി തിരഞ്ഞെടുപ്പിലെ നിര്‍ണായകമായ ഘടകം. ബ്രാഹ്മണരെയും ദലിതരെയും പിന്നാക്കക്കാരെയും വളഞ്ഞ് പിടിച്ച് വോട്ട് നേടുകയാണ് സാധാരണ പതിവ്. അതുതന്നെയാണ് ഇത്തവണയും സംഭവിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ രീതിയും വ്യത്യസ്തമല്ല. ഈ സാഹചര്യത്തിലാണ് പ്രിയങ്ക വനിതകള്‍ക്ക് സീറ്റ് സംവരണം ഏര്‍പ്പെടുത്തുന്നത്.

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം വിവിധ ജാതികള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. യോഗി ആദിത്യനാഥ് ജാതികൊണ്ട് രജപുത്രനാണ്. അജയ് മിശ്രയെ കേന്ദ്ര കാബിനറ്റിലേക്കെടുത്തതും ബ്രാഹ്മണരുടെ പിന്തുണ നേടാനാണ്. ലഖിംപൂര്‍ സംഭവത്തോടെ അത് പ്രശ്‌നത്തിലായി. ലഖിംപൂര്‍ സംഭവത്തിന്റെ പേരില്‍ മിശ്ര രാജിവയ്ക്കണെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം.

കഴിഞ്ഞ കുറേ കാലമായി യുപിയില്‍ സത്രീകള്‍ക്കെതിരേയുള്ള പീഡനം കൂടിവരുന്നുണ്ട്. ഇതു കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. 

Tags: