കൊല്ലം: ചെറുകര രാജീവ് ഗാന്ധി മെമ്മോറിയല്‍ എല്‍പി സ്‌കൂളിലെ ഉച്ചഭാഷിണി മോഷ്ടിച്ച പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. സ്‌ക്കൂളിനു സമീപം താമസിക്കുന്ന ചെറുകര അനന്തുഭവനില്‍ അനന്തു രാജന്‍ (29), പൊന്‍പാതിരിമൂട് വീട്ടില്‍ ബിനു (33) എന്നിവെരയാണ് കുളത്തൂപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ക്രിസ്മസ് അവധിദിനത്തില്‍ ഒരുലക്ഷത്തോളം രൂപ വിലയുള്ള ഉപകരണങ്ങളാണ് കളവുപോയത്. അവധിദിനത്തില്‍ സ്‌ക്കൂള്‍ കെട്ടിടത്തിന്റെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസി വിവരം നല്‍കിയതിനെത്തുടര്‍ന്ന് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ഉച്ചഭാഷിണി കടത്തിയത് അറിയുന്നത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ മോഷണംപോയ സാധനങ്ങളില്‍ ചിലത് തിണ്ണയില്‍ ഇരിക്കുന്നതാണ് കഴിഞ്ഞദിവസം രാവിലെ സ്‌കൂളിലെത്തിയ അധികൃതര്‍ കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ പോലിസിന്റെ പിടിയിലായി.