സ്വീഡിഷ് വിസ വാഗ്ദാനം ചെയ്ത് 80 ലക്ഷം രൂപ തട്ടിപ്പ്; തൃശൂർസ്വദേശി പിടിയിൽ

Update: 2025-08-25 06:48 GMT

മലപ്പുറം: സ്വീഡനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തൃശ്ശൂർ കാറളം നാലുകണ്ടൻ സ്വദേശി ജിന്റോ പൗലോസ് (38) പോലിസ് പിടിയിലായി. തിരുവനന്തപുരത്തെ കിളിമാനൂരിൽ വേഷം മാറി മീൻ കച്ചവടം നടത്തുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

മലപ്പുറം കാളികാവ് സ്വദേശിയായ കാരടി മുഹമ്മദ് അൻശിഫ്, കേരള എസ്റ്റേറ്റ് സ്വദേശി ആലക്കൽ മുഹമ്മദ് ജാബിർ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജിന്റോ വിസ വാഗ്ദാനം ചെയ്ത് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 80 ലക്ഷം രൂപ തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലിസ് അറിയിച്ചു.

കാളികാവിനു പുറമെ കോതമംഗലവും വരാപ്പുഴയും ഉൾപ്പെടെ നിരവധി പോലിസ് സ്റ്റേഷനുകളിൽ ജിന്റോക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറെ മാസങ്ങളായി പ്രതി തിരുവനന്തപുരത്ത് കിളിമാനൂരിൽ മീൻ കച്ചവടക്കാരനായി വേഷം മാറി താമസിച്ചിരുന്നതായി പോലിസ് പറയുന്നു. നിരവധി സ്ഥലങ്ങളിലായി അപ്പാർട്ട്മെന്റുകൾ വാടകയ്‌ക്ക് എടുത്ത്, പ്രദേശത്തെ സ്വാധീനമുള്ള ആളുകളുമായി ബന്ധം സ്ഥാപിച്ച് ഇരകളെ വലയിലാക്കുന്നതായിരുന്നു ഇയാളുടെ രീതി.

കാളികാവ് പോലിസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ, എറണാകുളം, പൊള്ളാച്ചി, തിരുവനന്തപുരം തുടങ്ങി പത്ത് സ്ഥലങ്ങളിലായി പോലിസ് അന്വേഷണം നടത്തിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിന്റോയെ കിളിമാനൂരിൽ നിന്ന് പിടികൂടിയത്.

Tags: