68കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം തട്ടി; വ്‌ളോഗറും ഭര്‍ത്താവും പിടിയില്‍

Update: 2022-11-21 11:39 GMT

പുത്തനത്താണി: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ 68കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ തൃശൂരിലെ 28കാരിയായ വ്‌ളോഗറും ഭര്‍ത്താവും അറസ്റ്റിലായി. തൃശൂര്‍ കുന്നംകുളം സ്വദേശിനി റാഷിദ (28) യെയും ഭര്‍ത്താവ് നാലകത്ത് നിഷാദി (36) നെയുമാണ് കല്‍പ്പകഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ അറിവോടെയും സഹായത്തോടെയുമാണ് 68കാരനെ പ്രണയം നടിച്ച് വ്‌ളോഗറായ റാഷിദ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചുവരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം കണ്ടതായി നടിക്കാതെ ഭര്‍ത്താവ് നിഷാദ് തന്നെ രഹസ്യമായി സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുക്കുകയായിരുന്നു.

ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി തവണകളായി 23 ലക്ഷത്തോളം രൂപ കൈക്കലാക്കിയത്. തുടര്‍ന്നും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. പണം നല്‍കിയില്ലെങ്കില്‍ അപമാനിക്കുമെന്നും വീട്ടില്‍ വിവരമറിയിക്കുമെന്നും പറഞ്ഞതോടെയാണ് നാട്ടിലെ അറിയപ്പെട്ട കുടുംബത്തില്‍ മക്കളും പേരമക്കളുമായി കഴിയുന്ന 68കാരന്‍ പണം നല്‍കിത്തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ദമ്പതികള്‍ ഇത്രയും തുക തട്ടിയെടുത്തിട്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍, 68കാരന്റെ പണം നഷ്ടമാവുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. തുടര്‍ന്ന് കുടുംബം വിവരമറിഞ്ഞതോടെ കഴിഞ്ഞ ദിവസമാണ് കല്‍പ്പകഞ്ചേരി പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തെത്തുടര്‍ന്നു കല്‍പ്പകഞ്ചേരി പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ഇവരുടെ തൃശൂര്‍ കുന്നംകുളത്തെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതി നിഷാദിനെ റിമാന്റ് ചെയ്തു. റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പ്രതികള്‍ സമാനമായി മറ്റുള്ളവരില്‍നിന്നും ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ പോലിസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News