ഛത്തീസ്ഗഡില്‍ 15 വയസുകാരി ജീവനൊടുക്കി; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Update: 2025-11-25 05:05 GMT

റായ്പൂര്‍: ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയില്‍ സ്വകാര്യ സ്‌കൂളില്‍ 15 വയസുകാരി ആത്മഹത്യ ചെയ്തു. പ്രിന്‍സിപ്പല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പീഡനാരോപണത്തെത്തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പോലിസ് അറസ്റ്റ് ചെയ്തു. സുകൂള്‍ ക്യാംപസിലെ ഹോസ്റ്റല്‍ മുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ബഗിച്ച പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. സര്‍ഗുജ ജില്ലയിലെ സീതാപൂര്‍ സ്വദേശിയാണ് മരിച്ച പെണ്‍കുട്ടി. മൃതദേഹത്തിനു സമീപത്തുനിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് പ്രിന്‍സിപ്പല്‍ കുല്‍ദിപന്‍ ടോപ്‌നോ ലൈംഗികമായി ഉപദ്രവിച്ചതായി പറയുന്നത്. വിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തി. സ്‌കൂള്‍ ക്യാംപസിലെ ഹോസ്റ്റല്‍ അനധികൃതമാണെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. 6 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 124 വിദ്യാര്‍ഥികളില്‍ 22 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലില്‍ താമസിച്ചിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ബന്ധപ്പെട്ട രേഖകള്‍ മുഴുവന്‍ പിടിച്ചെടുക്കുകയും ചെയ്തു എന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ സഞ്ജയ് സിംഗ് അറിയിച്ചു.

സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം ഉത്തരവിട്ടിട്ടുണ്ടെന്നും സംഭവം നടന്ന യഥാര്‍ഥ സാഹചര്യം അന്വേഷണം പൂര്‍ത്തിയായശേഷം മാത്രമേ വ്യക്തമായിരിക്കൂ എന്നും ബഗിച്ച സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രദീപ് രതിയ വ്യക്തമാക്കി.

Tags: