ആയിരങ്ങള്‍ ഒഴുകിയെത്തി; പൗരത്വ ഭേദഗതി നിയമത്തിന് താക്കീതായി പെരുമ്പാവൂരില്‍ കൂറ്റന്‍ വനിതാ റാലി

പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് സിഎഎ, എന്‍ആര്‍സി പിന്‍വലിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വനിതാ ഫോറം റാലി നടത്തിയത്.

Update: 2020-01-05 06:24 GMT

പെരുമ്പാവൂര്‍: പൗരത്വ ഭേദഗതി നിയമത്തിന് താക്കീതായി പെരുമ്പാവൂരില്‍ കൂറ്റന്‍ വനിതാ റാലി. പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് സിഎഎ, എന്‍ആര്‍സി പിന്‍വലിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വനിതാ ഫോറം റാലി നടത്തിയത്.

ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് വിദ്യാര്‍ത്ഥികളും യുവതികളും കൈകുഞ്ഞുങ്ങളെ കയ്യിലേന്തി വീട്ടമ്മമാരും വയോധികരും അടങ്ങുന്ന വന്‍നിര ഒരേസ്വരത്തില്‍ വിളിച്ചുപറഞ്ഞു. തങ്ങള്‍ ആലി സഹോദരന്മാരുടെ മാതാവ് അഭാഭിബാനുവിന്റെ ചെറുമക്കള്‍, സമാധാനം ഒരു വിഭാഗത്തിന്റെ കുത്തകയല്ല എല്ലാവര്‍ക്കും വേണം സമാധാനം, തളുടെ ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കും വേണ്ടി തങ്ങള്‍ തെരുവില്‍ സമരം ചെയ്യും തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് വനിതകള്‍ തെരുവ് കീഴടക്കിയത്.

പെരുമ്പാവൂര്‍ ബോയിസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ അവസാനിച്ചു. പൊതു സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ആയിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. റൈഹാനത്ത് ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.

ജനറല്‍ കണ്‍വീനര്‍ ഷാജിത നൗഷാദ്, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജി കുമാര്‍, രമണി കോതമംഗലം, റഫീഖ ജലീല്‍, പത്മിനി രാജു, അഡ്വ. സാജിത സിദ്ധീഖ്, വഹീദ അഷറഫ്, ശ്യാമള സുരേഷ്, സനിത നവാസ്, സുബൈദ മുഹമ്മദ്, റമീന ജബ്ബാര്‍, ബുഷ്‌റ മുഹമ്മദലി സംസാരിച്ചു.


Tags:    

Similar News