പതിനേഴ് പേരുടെ മരണത്തിനിടയാക്കിയത് ജാതിമതില്‍; പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തു

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതറിഞ്ഞ് നൂറുകണക്കിന് ദലിത് പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിയത്.

Update: 2019-12-03 12:29 GMT

മേട്ടുപ്പാളയം: പതിനേഴ് പേര്‍ കൊല്ലപ്പെടുന്നതിനിടയാക്കിയ നദൂര്‍ ഗ്രാമത്തിലെ ചുറ്റുമതില് ദലിതരെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്നതിന് പണി തീര്‍ത്തതെന്ന് ദലിത് സംഘടനകള്‍. തിമിഴ് ടൈഗേഴ്‌സ്, ദ്രാവിഡ തമിഴര്‍ കച്ചി, വിടുതലൈ ചിരുത്തൈഗല്‍ കച്ചി നേതാക്കളാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതറിഞ്ഞ് നൂറുകണക്കിന് ദലിത് പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിയത്.

മേട്ടുപ്പാളയത്തിനടുത്ത് നദൂര്‍ ഗ്രാമത്തിലാണ് 20 അടി ഉയരമുള്ള ചുറ്റുമതില്‍ വീണ് പതിനേഴ് പേര്‍ കൊല്ലപ്പെട്ടത്. നാല് വീടുകളിലായി ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍ പെട്ടത്. അതിരാവിലെ 5.30 നായിരുന്നു അപകടം. അവരുടെ വീടുകളോട് ചേര്‍ന്നായിരുന്നു ചുറ്റുമതില്‍ പണി തീര്‍ത്തിരുന്നത്.

ദലിത് കുടുംബങ്ങളെ മറ്റിടങ്ങളുമായി വേര്‍തിരിക്കുന്നതിനായി പണി തീര്‍ത്ത ചുറ്റുമതില്‍ നിര്‍മ്മിച്ചത് ടെക്‌സ്റ്റൈല്‍ വ്യാപാരി ശിവസുബ്രഹ്മണ്യനാണെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചുറ്റുമതില്‍ പണിതീര്‍ത്തത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല, നിര്‍മ്മാണവും കുറ്റമറ്റതായിരുന്നില്ലന്ന് തമിഴ് പുലികള്‍ കച്ചി പ്രസിഡന്റ് നാഗ് തിരുവല്ലവന്‍ പറഞ്ഞു.

വിടുതലൈ ചിരുത്തൈഗല്‍ കച്ചി എംപി ശിവകുമാര്‍ ഇത് സംബന്ധിച്ച് സാമൂഹികനീതി വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗലോട്ടിന് പരാതി നല്‍കിയിട്ടുണ്ട്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദലിതരായതുകൊണ്ടാണോ ഇത്ര കുറവ് തുക നല്‍കുന്നതെന്ന് തിരുവല്ലവന്‍ പ്രതികരിച്ചു.

ഇതിനു മുമ്പ് തന്നെ ഈ മതില് പൊളിച്ചുകളയണമെന്ന് പ്രദേശവാസികള്‍ ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അവര്‍ ചെവികൊണ്ടില്ലന്ന് നാട്ടുകാര്‍ പറയുന്നു.  

Similar News