സാമ്പത്തികരംഗം ആരോഗ്യകരമെന്ന് പ്രധാനമന്ത്രി, മെയ് 3നു ശേഷം ലോക്ക് ഡൗണ്‍ ഭാഗികമായി നീക്കാന്‍ സാധ്യത

Update: 2020-04-27 08:54 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികരംഗം ആരോഗ്യകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് മൂന്നു വരെ തുടരുന്ന ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാനും പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ സഹായം തേടി. ലോക്ക് ഡൗണ്‍ ഭാഗികമായി പിന്‍വലിച്ച് ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള പ്രദേശങ്ങള്‍ അടച്ചിടണമെന്നാണ് കേന്ദ്രത്തിന്റെ ആലോചന. അതിന് രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ പ്രദേശങ്ങളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആലോചിക്കുന്നു. മുഖ്യമന്ത്രിമാരുമായി ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നു.

''സാമ്പത്തിക രംഗത്ത് രാജ്യത്തിന് ഭയപ്പെടാനില്ല. അത് നല്ല നിലയിലാണ്''- പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പുനല്‍കി.

ലോക്ക് ഡൗണ്‍ അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ അഞ്ച് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായക്കാരാണ്.

എല്ലാ സംസ്ഥാനങ്ങളോടും ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എഴുതി സമര്‍പ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. പച്ച ഓറഞ്ച് സോണുകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നാണ് കേന്ദ്രം കരുതുന്നത്.

ഇന്ന് ബീഹാര്‍, ഒഡീഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, പോണ്ടിച്ചേരി എന്നിവടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കായിരുന്നു സംസാരിക്കാനുള്ള അവസരം നല്‍കിയത്. മേഘാലയയും മിസോറാമും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. മറ്റു സംസ്ഥാനങ്ങള്‍ എഴുതി നല്‍കണം.

മെയ് മൂന്നിനു ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. പ്രശ്‌നബാധിതമല്ലാത്ത ജില്ലകള്‍ മെയ് മൂന്നിനു ശേഷം തുറന്നേക്കും.

സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. പൊതുഗതാഗതം, സ്‌കൂള്‍ കോളജ് തുടങ്ങിയവ ഉടന്‍ തുറക്കുകയില്ല. മതചടങ്ങുകളിലും നിരോധനം തുടര്‍ന്നേക്കും.  

Tags: