"ഞങ്ങളെ വേഗം ഒഴിപ്പിക്കൂ........." ഇറാനിൽ ഭയന്നു വിറച്ച് കേരളത്തില്‍ നിന്നടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ

Update: 2025-06-16 11:18 GMT
"ഞങ്ങളെ വേഗം ഒഴിപ്പിക്കൂ........."  ഇറാനിൽ ഭയന്നു വിറച്ച് കേരളത്തില്‍ നിന്നടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ

തെഹ്റാൻ: ഇറാൻ-ഇസ്രായേൽ സംഘർഷം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ ഭയം പടരുകയാണ്. കേരളത്തിൽ നിന്നടക്കമുള്ള വിദ്യാർഥികൾ ഇറാനിലുണ്ട്.

"ഞങ്ങൾ മൂന്നു ദിവസമായി ഉറങ്ങിയിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ട് ഉണർന്നതാണ്. ഉടൻ തന്നെ ബേസ്മെൻ്റിലേക്ക് ഓടി. അതിനു ശേഷം ഉറങ്ങാൻ കഴിഞ്ഞിട്ടില്ല" - ഇംതിസാൻ മൊഹിദിൻ എന്ന ഇന്ത്യൻ വിദ്യാർഥി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. സഹായത്തിനായി നിലവിളിച്ചു കൊണ്ടാണ് ഇംതിസാൻ എഎൻഐയെ ബന്ധപ്പെട്ടത്. സംഘർഷ പശ്ചാത്തലത്തിൽ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികളിൽ ഒരാളാണ് ഇംതിസാൻ മൊഹിദിൻ.

വിദ്യാർഥികളുടെ താമസസ്ഥലങ്ങളിൽനിന്ന് കിലോമീറ്ററുകൾ മാത്രം അകലെ സ്ഫോടനങ്ങൾ നടക്കുന്നതിനാൽ സ്ഥിതിഗതികൾ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്.

"ഞങ്ങൾ അപാർട്ട്മെൻ്റ് ബേസിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. എല്ലാ രാത്രിയിലും സ്ഫോടനങ്ങൾ കേൾക്കുന്നു. ഒരു സ്ഫോടനം നടന്നത് വെറും അഞ്ച് കിലോമീറ്റർ അകലെയായിരുന്നു. മൂന്നുദിവസമായി ഞങ്ങൾ ഉറങ്ങിയിട്ടില്ല"- തെഹ്റാനിലെ ശാഹിദ് ബെഹെഷ്തി സർവകലാശാലയിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ 22കാരൻ ഫോണിൽ എഎൻഐയോട് പറഞ്ഞു. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദാര സ്വദേശിയാണ് വിദ്യാർഥി.

സംഘർഷം മൂർച്ഛിച്ചതിനെ തുടർന്ന് ക്ലാസ്സുകൾ നിർത്തിവച്ചിരിക്കുകയാണെന്നും വിദ്യാർഥികൾ പുറത്തിറങ്ങുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംബിബിഎസ് കോഴ്സിന് പഠനച്ചെലവ് കുറഞ്ഞതും പ്രശസ്തവുമായ സർവകലാശാലയാണ് ശാഹിദ് ബെഹെഷ്തി യൂണിവേഴ്സിറ്റി. അതുകൊണ്ടുതന്നെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന ഒരു സർവകലാശാ കൂടിയാന്നത്. ഇസ്രായേലി ആക്രമണങ്ങളിൽ ഈയിടെ കൊല്ലപ്പെട്ട മൂന്ന് ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ ഈ സ്ഥാപനത്തിലെ പ്രഫസർമാരായിരുന്നു.

വിദ്യാർഥികളുമായി യൂണിവേഴ്സിറ്റി നിരന്തരസമ്പർക്കം പുലർത്തുന്നുണ്ടെങ്കിലും ഇന്ത്യൻ വിദ്യാർഥികളുടെ പ്രധാന ആശ്രയം തെഹ്റാനിലെ ഇന്ത്യൻ എംബസിയാണ്. "എംബസി ഹെൽപ് ലൈൻ നമ്പറുകൾ നൽകുകയും ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാലും ഞങ്ങൾക്ക് ഭയമുണ്ട്. വീട്ടിലേക്കു പോകണം. സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിനു മുമ്പ് ഞങ്ങളെ ഒഴിപ്പിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് ഞങ്ങൾ അഭ്യർഥിക്കുന്നു"- ഇംതിസാൻ മൊഹിദിൻ പറഞ്ഞു.

കെർമൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശിനി അഫ്നാൻ ഷെറിൻ തൻ്റെ ഒരു ബന്ധു മുഖേന തേജസ് ന്യൂസുമായി പങ്കുവച്ചത് ഭീതിജനകമായ സാഹചര്യം തന്നെയാണ് അവിടെയും ഉള്ളതെന്നാണ്. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽനിന്ന് ഏകദേശം 800 കിലോ മീറ്റർ അകലെ തെക്ക് കിഴക്ക് ഭാഗത്താണ് കെർമാൻ. കെർമാൻ യൂണിവേഴ്സിറ്റിയിൽ കേരളത്തിൽനിന്നുള്ള ഒന്നും രണ്ടും വർഷ മെഡിക്കൽ വിദ്യാർഥികളായ 12 പേരുണ്ടെന്ന് അഫ്നാൻ ഷെറിൻ പറഞ്ഞു. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിൽനിന്നുള്ളവരാണവരെന്ന് അഫ്നാൻ്റെ ബന്ധുവായ താരിഷ് റഹ്‌മാൻ തേജസ് ന്യൂസിനോട് പറഞ്ഞു.

"പരീക്ഷകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ഞങ്ങളോട് തയ്യാറായി ഇരുന്നുകൊള്ളാൻ എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. സാഹചര്യം പരിശോധിച്ച് വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ എംബസി സ്വീകരിക്കുമെന്നും അറിയിച്ചു" - അഫ്നാൻ കൂട്ടിച്ചേർത്തു.

തെഹ്റാനെ അപേക്ഷിച്ച് കെർമാൻ താരതമ്യേന സുരക്ഷിതമാണെങ്കിലും ഭയം അതിവേഗം പടരുകയാണെന്ന് കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ ഫൈസാൻ നബി സ്ഥിരീകരിച്ചു.

"തെഹ്റാനിലെ എൻ്റെ സുഹൃത്തുക്കൾ പരിഭ്രാന്തരാണ്. മൂന്നുനാലു ദിവസത്തേക്ക് കുടിവെള്ളം സൂക്ഷിക്കാൻ ഞങ്ങൾക്ക് നിർദേശം ലഭിച്ചു. സ്ഥിതിഗതികൾ അത്രത്തോളം മോശമാണ്" - ജമ്മു കശ്മീരിലെ ശ്രീനഗറിൽനിന്നുള്ള ഫൈസാൻ നബി പറഞ്ഞു.

"നാട്ടിൽനിന്ന് ധാരാളം ഫോൺ സന്ദേശങ്ങൾ വരുന്നുണ്ട്. ഇൻ്റർനെറ്റ് വളരെ മന്ദഗതിയിലായതിനാൽ പെട്ടെന്ന് ഒരു വാട്ട്സ്ആപ്പ് സന്ദേശം പോലും അയക്കാൻ കഴിയുന്നില്ല. ഞങ്ങൾ ഡോക്ടർമാരാകാൻ ഇവിടെ വന്നവരാണ്. ഞങ്ങളിപ്പോൾ ജീവൻ നിലനിർത്താൻ ശ്രമിക്കുകയാണ്" - ഫൈസാൻ കൂട്ടിച്ചേർത്തു.

ആക്രമണത്തിൻ്റെ ആദ്യരാത്രി അങ്ങേയറ്റം ഭയാനകമായിരുന്നുവെന്ന് ഇറാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായ മിദ്ഹാത്ത് പങ്കുവച്ചു.

"സ്ഫോടനങ്ങൾ വളരെ അകലെയായിരുന്നില്ല. ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയായിരുന്നു. എല്ലാവരും പരിഭ്രാന്തരാണ്. വാർത്തകൾ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് " - ജമ്മു കശ്മീരിലെ സോപാറിൽനിന്നുള്ള മിദ്ഹാത്ത് പറഞ്ഞു. "ഞങ്ങളിൽ ഭൂരിഭാഗവും ഭയന്ന് അകത്തുതന്നെ കഴിയുന്നു. ഇത് എത്ര കാലം തുടരുമെന്നറിയില്ല" - അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും വീടിനുള്ളിൽ തന്നെ തുടരാനും ഔദ്യോഗിക ചാനലുകൾ വഴിയുള്ള നിർദേശങ്ങൾ പിന്തുടരാനുമാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടിയന്തര ഹെൽപ് ലൈൻ നമ്പരുകളും ടെലിഗ്രാം ലിങ്കും നൽകിയിട്ടുണ്ട്.

ഇറാനിയൻ വ്യോമാതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാലും സംഘർഷത്തിന് അയവ് വരുന്നതിൻ്റെ ലക്ഷണങ്ങൾ ഇല്ലാത്തതിനാലും നാട്ടിലേക്ക് സുരക്ഷിതമായി മടങ്ങുകയെന്നതിനാണ് ഇന്ത്യൻ വിദ്യാർഥികൾ മുൻഗണന നൽകുന്നത്.

ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പുലർത്തണമെന്നും അനാവശ്യമായ സഞ്ചാരം ഒഴിവാക്കണമെന്നും സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കണമെന്നും പ്രാദേശിക സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു.

Similar News