പ്രണയബന്ധം പരാജയപ്പെട്ടാല്‍ പുരുഷനെതിരേ പീഡന പരാതി നല്‍കരുത്; ഭര്‍തൃമതിക്ക് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വാദം ഉന്നയിക്കാനാവില്ല: ഹൈക്കോടതി
കൊച്ചി: പ്രണയബന്ധം പരാജയപ്പെട്ടാല്‍ പുരുഷനെതിരേ പീഡനപരാതി നല്‍കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി. പീഡനം ആരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശിക്ക് ജാമ്യം അനുവദിച്ച വിധിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. കേസിലെ പരാതിക്കാരിയായ യുവതി വിവാഹിതയാണെന്നും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി അവര്‍ക്ക് ഉന്നയിക്കാനാവില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചൂണ്ടിക്കാട്ടി.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഫോട്ടോയും വീഡിയോയും പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു യുവാവിനെതിരായ പരാതി. ആരോപണങ്ങള്‍ തെറ്റാണെന്നും പരാതിക്കാരി വിവാഹിതയാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരി വിവാഹിതയാണെന്ന് പ്രോസിക്യുഷന്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. യുവതി തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് താമരശേരിയില്‍ വന്ന് ദിവസങ്ങളോളം യുവാവിനൊപ്പം താമസിച്ചതായും കോടതി ചൂണ്ടിക്കാട്ടി.