തബ്‌ലീഗുകാരെ വെടിവച്ചു കൊല്ലണമെന്ന് ബിജെപി എംഎല്‍എ

നിസാമുദ്ദീന്‍ സമ്മേളനത്തിന്റെ പേരില്‍ തബ്‌ലീഗ് ജമാഅത്തിനെതിരേ കര്‍ണാടക പോലിസ് നടപടി ശക്തമാക്കുന്നതിനിടെയാണ് ബിജെപി എംഎല്‍എയുടെ ആഹ്വാനം.

Update: 2020-04-08 05:35 GMT

പി സി അബ്ദുല്ല

മംഗളൂരു: തബ്‌ലീഗുകാരെ വെടിവെച്ച് കൊല്ലണമെന്ന് ബിജെപി എംഎല്‍എ. മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും മുന്‍ മന്ത്രിയുമായ എം പി രേണുകാചാര്യ എംഎല്‍എയാണ് വിവാദപരാമര്‍ശം നടത്തിയത്. ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തബ്‌ലീഗുകാര്‍ കൊവിഡ് വൈറസ് വാഹകരാണ്. അവര്‍ നേരെ ആശുപത്രികളില്‍ ചികില്‍സ തേടണം. ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്‌ലീഗുകാരുണ്ട്. അവരെ വെടിവച്ചു കൊല്ലുകയാണ് വേണ്ടതെന്നും എംഎല്‍എ പറഞ്ഞു.

നിസാമുദ്ദീന്‍ സമ്മേളനത്തിന്റെ പേരില്‍ തബ്‌ലീഗ് ജമാഅത്തിനെതിരേ കര്‍ണാടക പോലിസ് നടപടി ശക്തമാക്കുന്നതിനിടെയാണ് ബിജെപി എംഎല്‍എയുടെ ആഹ്വാനം. ബംഗളൂരുവിലും മറ്റും സന്ദര്‍ശനം നടത്തിയ വിദേശികളായ തബ്‌ലീഗ് അനുഭാവികള്‍ക്കെതിരെ വിസാചട്ടം ലംഘിച്ചുവെന്നാരോപിച്ച് നിയമനടപടികളുമായി യദ്യൂരപ്പ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.

നിരീക്ഷണത്തിലിരിക്കെ മോശമായി പെരുമാറുന്ന തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ വെടിവച്ചുകൊല്ലണമെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് കര്‍ണാടക ബിജെപി എംഎഎല്‍എയുടേയും പുറപ്പാട്.

രോഗബാധിതരായ തബ്‌ലീഗുകാര്‍ക്ക് ചികില്‍സ നല്‍കരുതെന്നും അവരുടെ ചികില്‍സ നിറുത്തിവയ്ക്കണമെന്നുമാണ് രാജ് താക്കറെ ആവശ്യപ്പെട്ടത്.

ഗാസിയാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ നഴ്‌സുമാരോട് മോശമായി പെരുമാറിയതായി പ്രചാരണമുണ്ടായിരുന്നു. ഇവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. പിന്നീട് ആ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് ജില്ലയിലെ കലക്ടറും ചകില്‍സിച്ച ഡോക്ടറും വെളിപ്പെടുത്തി.

നിരന്തരമായ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളാല്‍ കുപ്രസിദ്ധനാണ് രേണുകാചാര്യ. പൗരത്വ വിവേചനത്തിനെതിരായ പ്രതിഷേധ നാളുകളില്‍ ഇത്തരം നിരവധി പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തുകയുണ്ടായി.

മുസ്‌ലിംകള്‍ പള്ളികളില്‍ പ്രാര്‍ത്ഥിക്കുന്നതിന് പകരം ആയുധങ്ങള്‍ ശേഖരിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ഒരു പ്രസ്താവന.

''പള്ളികളില്‍ ഇരുന്നു ഫത്‌വ നല്‍കുന്ന ചില ദേശവിരുദ്ധരുണ്ട്. പള്ളികള്‍ പ്രാര്‍ത്ഥിക്കാനുള്ളതല്ലേ? പകരം നിങ്ങള്‍ ചെയ്യുന്നത് ആയുധങ്ങള്‍ ശേഖരിച്ചുവെക്കുക എന്നതാണ്. ഇതിനാണോ നിങ്ങള്‍ പള്ളിയില്‍ പോകുന്നത്?' എംഎല്‍എ ചോദിച്ചു. മുസ്‌ലിം സമുദായത്തിനുള്ള ഫണ്ട് ഹിന്ദുക്കള്‍ക്ക് നല്‍കുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തി.

കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ ന്യൂനപക്ഷത്തിനെതിരെ വര്‍ഗീയപരാമര്‍ശം നടത്തുന്നത് ഇതാദ്യമല്ല. ഭൂരിപക്ഷ സമുദായം നിങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയാലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നായിരുന്നു ബി.ജെ.പി എംഎല്‍എ സോമശേഖര്‍ റെഡ്ഡി നേരത്തെ പൗരത്വ നിയമ ഭേദഗതിവിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ ഉയര്‍ത്തിയ ഭീഷണി. ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാല്‍ ഇപ്പോള്‍ സമരം ചെയ്യുന്ന കൂട്ടര്‍ ബാക്കിയുണ്ടാവില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുന്നവരുടെ സ്വത്ത് കത്തിക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നും സോമശേഖര റെഡ്ഡി പറഞ്ഞിരുന്നു. പ്രകോപനപരമായ പ്രസംഗത്തിന് റെഡ്ഡിക്കെതിരെ പിന്നീട് കേസെടുത്തെങ്കിലും നടപടിയുണ്ടായില്ല.


Similar News