ഭാര്യ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഐഎഎസ് ഓഫിസര്‍ക്കെതിരെ കേസ്

ഉത്തര്‍പ്രദേശ് നഗരവികസന ഏജന്‍സി ചെയര്‍മാനും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഉമേഷ് കുമാര്‍ സിങിനെതിരെയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Update: 2019-09-07 12:28 GMT

ലക്‌നൗ: ഭാര്യയെ കൊലപ്പെടുത്തിയെന്ന പരാതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥനെതിരേ പോലിസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശ് നഗരവികസന ഏജന്‍സി ചെയര്‍മാനും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഉമേഷ് കുമാര്‍ സിങിനെതിരെയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഉമേഷ് കുമാര്‍ സിങിന്റെ ഭാര്യ അനിത സിങ്ങിനെ ഈ മാസം ഒന്നിനാണ് വീട്ടില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഉമേഷും മകളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ ദുരൂഹത ആരോപിച്ച് അനിതയുടെ ബന്ധു രാജീവ് കുമാര്‍ സിങ് നല്‍കിയ പരാതിയിലാണ് നടപടി.

ഉമേഷ്‌കുമാറിന്റെ പരസ്ത്രീബന്ധത്തെച്ചൊല്ലി വീട്ടില്‍ കലഹവും കശപിശയും പതിവാണെന്നും, കൊലയ്ക്കു പിന്നില്‍ ഉമേഷാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ തന്റെ പിസ്റ്റള്‍ എടുത്ത് ഭാര്യ അനിത സ്വയം വെടിവെക്കുകയായിരുന്നുവെന്നാണ് ഉമേഷ് കുമാര്‍ സിങിന്റെ വാദം.


Tags:    

Similar News