അമ്പലത്തില്‍ മോഷണം ആരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. കെട്ടിടനിര്‍മാണ തൊഴിലാളിയായ ജി ഗംഗാധര്‍ ആണ് കൊല്ലപ്പെട്ടതെന്ന് പോലിസ് ഓഫിസറെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.
ഹൈദ്രാബാദ്: അമ്പലത്തില്‍ മോഷണം നടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. കെട്ടിടനിര്‍മാണ തൊഴിലാളിയായ ജി ഗംഗാധര്‍ ആണ് കൊല്ലപ്പെട്ടതെന്ന് പോലിസ് ഓഫിസറെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.
ജോലിക്ക് പോവുകയാണെന്ന് അറിയിച്ച വീട്ടില്‍നിന്നിറങ്ങിയ ഗംഗാധര്‍ ധര്മ്മറാം ഗ്രാമത്തിലേക്കാണ് പോയത്. അവിടെ ഒരു സംഘം ഗ്രാമവാസികള്‍ ഒരു ക്ഷേത്രത്തില്‍ മോഷണം നടത്തിയെന്നാരോപിച്ച് ഗംഗാധറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് പോലിസിന് കൈമാറുകയുമായിരുന്നു. പോലിസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് നിസാമാബാദ് പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.
മോഷണശ്രമത്തിനിടെ തന്റെ ഭര്‍ത്താവിനെ പിടികൂടിയെന്ന് അറിയിച്ച് തിങ്കളാഴ്ച രാത്രി ഒരു പുരുഷന് തന്നെ ഫോണില്‍ വിളിച്ചതായും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് മര്‍ദ്ദിച്ചതായും ഗംഗാധറിന്റെ ഭാര്യ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തുമ്പോള്‍ തന്റെ ഭര്‍ത്താവ് മരിച്ച നിലയിലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ദമ്പതികള്‍ക്ക് രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞ് ഉണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 302 പ്രകാരം പോലിസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.