മഹാരാജാസ് സംഭവം: കരുതല്‍ തടങ്കലിന് എണ്ണം തികയ്ക്കാന്‍ പ്രവര്‍ത്തകരെ നേതാക്കള്‍ ഹാജരാക്കണമെന്ന് പോലിസ്

Update: 2018-07-05 18:02 GMT

കോഴിക്കോട്: മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കരുതല്‍ തടങ്കലിന്റെ എണ്ണം തികയ്ക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരെ നേതാക്കള്‍ തന്നെ ഹാജരാക്കണമെന്ന് വിചിത്ര ആവശ്യവുമായി പോലിസ്.  കോഴിക്കോട് ജില്ലയിലെ മാവൂര്‍, ബേപ്പൂര്‍, മാറാട് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള പ്രവര്‍ത്തകരെ എത്തിക്കണമെന്ന് നേതാക്കളോട് പോലിസ് ആവശ്യപ്പെട്ടത്.

പ്രാദേശിക നേതാക്കളെ ടെലിഫോണില്‍ വിളിച്ചാണ് പ്രവര്‍ത്തകരെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ജില്ലയിലെ പല പോലിസ് സ്‌റ്റേഷനുകളില്‍ നിന്നും ഇത്തരത്തിലുള്ള ഫോണ്‍ വിളികള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പറയുന്നു.

മഹാരാജാസ് കോളജ് സംഭവത്തിനു ശേഷം സംസ്ഥാന വ്യാപകമായി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കല്‍ എന്ന പേരില്‍ അറസ്റ്റു ചെയ്തു വരുന്നതിനിടയിലാണ് കോഴിക്കോട്ട് പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്ന അപേക്ഷയുമായി പോലിസ് നേതാക്കളെ സമീപിച്ചത്. പല സ്റ്റേഷനുകളില്‍ നിന്നും പ്രിന്‍സിപ്പല്‍ എസ്‌ഐമാര്‍ നേരിട്ടാണ് പ്രാദേശിക നേതാക്കളെ ടെലിഫോണില്‍ വിളിച്ചത്.

ഇതിനെ തുടര്‍ന്ന് നേതാക്കള്‍ സ്‌റ്റേഷനില്‍ എത്തി കാര്യം തിരക്കിയപ്പോള്‍, കരുതല്‍ തടങ്കലിന് ആളെ തികക്കാന്‍ മുകളില്‍ നിന്ന് ഉത്തരവുണ്ടെന്നാണ് മറുപടി ലഭിച്ചത്. എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും പരാമാവധി ഓഫിസുകള്‍ റെയ്ഡ് ചെയ്യണമെന്നും പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കണമെന്നും മുകളില്‍ നിന്ന് പോലിസിന് കര്‍ശന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

മാവൂര്‍ സ്റ്റേഷനില്‍ നിന്ന് വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരായി. രാവിലെയാണ് പോലിസ് സ്‌റ്റേഷനില്‍ നിന്നു വിളിച്ച്, ഉച്ചക്ക് 1.15നകം രണ്ടുപേരെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. തടങ്കലിനുള്ള രണ്ടുപേരേയും ഇവരെ ജാമ്യത്ത്ില്‍ എടുക്കാനുള്ള രണ്ടുപേരേയും ഹാജരാക്കാനായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു. ആവശ്യമുള്ളപ്പോള്‍ വിളിപ്പിക്കാം അപ്പോള്‍ വന്നാല്‍മതി എന്നു പറഞ്ഞ് ഇവരെ പിന്നീട് വിട്ടയച്ചു.

ബേപ്പൂര്‍ എസ്‌ഐ, എസ്ഡിപിഐ കടലുണ്ടി പഞ്ചായത്ത് ഭാരവാഹിയെ ഫോണില്‍ വിളിച്ച് മൂന്നു പേരെ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ ഹാജരാക്കി. ഇവരേയും പിന്നീട് ജാമ്യത്തില്‍ വിട്ടു. ബേപ്പൂരില്‍തന്നെയുള്ള മറ്റൊരു പ്രാദേശിക നേതാവിനോടും രണ്ടു പേരെ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ഹാജരായവരെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇത്തരത്തിലാണ് മിക്കവാറും സ്റ്റേഷനുകളില്‍ കരുതല്‍ തടങ്കലിനുള്ള പ്രതികളെ സംഘടിപ്പിച്ചതെന്നാണ് വിവരം.

മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരേയും പൊതു സമൂഹത്തില്‍ സ്വതന്ത്രരായി വിട്ടാല്‍ കലഹത്തിന് സാധ്യതയുള്ളവരേയുമാണ് കരുതല്‍ തടങ്കില്‍ പാര്‍പ്പിക്കാന്‍ പോലിസിന് അധികാരമുള്ളത്. എന്നാല്‍, കുറ്റവാളികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്നതിനാണ് ആഭ്യന്തരവകുപ്പ് ഓരോ പോലിസ് സ്‌റ്റേഷനുകള്‍ക്കും കരുതല്‍ തടവുകാരുടെ ക്വാട്ട നിശ്ചയിച്ചതെന്നാണ് വിവരം.

ഇന്നലെ ഉച്ചയോടെ നിശ്ചയിച്ച ക്വാട്ടയുടെ നിശ്ചിത ശതമാനം അച്ചീവ് ചെയ്യണമെന്നാണേ്രത മുകളില്‍ നിന്ന് എസ്‌ഐമാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഈ ക്വാട്ട തികയ്ക്കാന്‍ പല സ്റ്റേഷനുകളിലേയും എസ്‌ഐമാര്‍ പ്രാദേശിക നേതാക്കളെ സമീപിച്ച് സഹായം തേടുകയാണ്.

ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടി നേതാക്കളില്‍ നിന്ന് കുറ്റവാളികളുടെ ലിസ്റ്റ് സ്വീകരിക്കുന്ന കീഴ്‌വഴക്കം അവസാനിപ്പിച്ചു എന്നായിരുന്നു പോലിസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, കരുതല്‍ തടങ്കലിന് പോലിസ് ലിസ്റ്റ് ആവശ്യപ്പെടുന്നത് പുതിയ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
Tags:    

Similar News