അങ്കണവാടികള്‍ അടിമുടി മാറുന്നു; നമ്മുടെ കുട്ടികളും കാലത്തിനനുസരിച്ച് വളരട്ടെ

ആദ്യഘട്ടം എല്ലാ ജില്ലയിലും ഓരോന്ന് വീതം 14 മോഡല്‍ അങ്കണവാടികളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കോളജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ട്രിവാന്‍ഡ്രമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ (സിഡിസി) സമര്‍പ്പിച്ച മോഡല്‍ അങ്കണവാടി റിപോര്‍ട്ട് ഡയറക്ടര്‍ ഡോ.ബാബുജോര്‍ജ് മന്ത്രി കെ കെ ശൈലജക്ക് കൈമാറി.

Update: 2019-01-11 09:37 GMT

തിരുവനന്തപുരം: സമഗ്ര ശിശുവികസന പരിപാടിയുടെ ഭാഗമായി അങ്കണവാടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി കേരളത്തിലെ തിരഞ്ഞെടുത്ത ഐസിഡിഎസ് ബ്ലോക്കുകളില്‍ മാതൃകാ അങ്കണവാടികള്‍ സ്ഥാപിക്കുന്നു. 'ഫീഡിങ് സെന്റര്‍' എന്ന പ്രതിച്ഛായ മാറ്റിയെടുക്കാന്‍ അങ്കണവാടികളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കുട്ടികളുടെ ബൗദ്ധികവികാസത്തിന് ഊന്നല്‍ നല്‍കുന്ന മോഡല്‍ അങ്കണവാടികളാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ (സിഡിസി) സമര്‍പ്പിച്ച മോഡല്‍ അങ്കണവാടി റിപോര്‍ട്ട് ഡയറക്ടര്‍ ഡോ.ബാബുജോര്‍ജ് മന്ത്രി കെ കെ ശൈലജക്ക് കൈമാറി.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് ഓരോ അങ്കണവാടിയും നിര്‍മ്മിക്കുന്നത്. ഇതിനായി അതത് പഞ്ചായത്തിന്റേയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ സ്ഥലമൊരുക്കും. 10 സെന്റ് സ്ഥലമാണ് അങ്കണവാടികള്‍ നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതെങ്കിലും 3 സെന്റ്, 5 സെന്റ്, ഏഴര സെന്റ് സ്ഥലത്തും കുട്ടികള്‍ക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമാവശ്യമായ സുരക്ഷിത അന്തരീക്ഷത്തോടെയാണ് അങ്കണവാടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പഠനമുറി, വിശ്രമ സ്ഥലം, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, അടുക്കള, ഭക്ഷ്യസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാവുന്ന സ്റ്റോര്‍, കളിസ്ഥലം, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ചെറിയ പൂന്തോട്ടം എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ആദ്യഘട്ടം എല്ലാ ജില്ലയിലും ഓരോന്ന് വീതം 14 മോഡല്‍ അങ്കണവാടികളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. 6 വയസുവരെ പ്രായമുള്ള കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ഊന്നല്‍ നല്‍കിയുള്ള റിപോര്‍ട്ടാണ് സിഡിസി നല്‍കിയത്. മോഡല്‍ അങ്കണവാടിയിലെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് അനുയോജ്യവും സന്തോഷപ്രദവുമാകുന്ന ലളിത വ്യായാമ പരിപാടികളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി 'തീം ബേസ്ഡ്' കരിക്കുലം അങ്ങനെതന്നെ നിലനിര്‍ത്തി കുട്ടികളുടെ ബുദ്ധിവികാസത്തിനനുസരിച്ച് ഓരോ മേഖലകളിലുമുള്ള പരിശീലനം ലക്ഷ്യമിടുന്നു.

അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ചൈല്‍ഡ് ഡവലപ്മെന്റ് സെന്റര്‍ മുഖേനയാവും നല്‍കുക. എഴുതാനും വായിക്കാനും പ്രാപ്തരായ കുട്ടികള്‍ക്ക് അതിനുള്ള പരിശീലനം ലഭ്യമാക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിനായി 'അങ്കണപ്പൂമഴ' എന്ന കുട്ടികളുടെ കൈപ്പുസ്തകത്തിന് രണ്ടാംഭാഗം വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കാനും ശുപാര്‍ശയുണ്ട്. അങ്കണവാടിയിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു യുനിഫോമും നിര്‍ദേശിച്ചിട്ടുണ്ട്. കോളജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ട്രിവാന്‍ഡ്രമാണ് മോഡല്‍ അങ്കണവാടി രൂപകല്‍പന ചെയ്തിരിക്കുന്നത്.

Tags:    

Similar News