ചുമട്ടു തൊഴിലാളി സമരം അഞ്ചു ദിവസം പിന്നിട്ടു;കയറ്റുമതിമേഖല സ്തംഭിച്ചു

സമരത്തെ തുടര്‍ന്ന് കയറ്റു മതി മേഖല സ്തംഭിച്ചു.കയറ്റുമതി ചെയ്യാന്‍ കഴിയാതെ ചരക്കുകള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നത് വഴി ഭീമമായ നഷ്ടമാണ് പ്രതിദിനം സംഭവിക്കുന്നതെന്ന് ആള്‍ ഇന്ത്യ സ്പൈസസ് എക്സപോര്‍ട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ് ), കൊച്ചിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ്, ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് എന്നീ സംഘടനകളുടെ ഭാരവാഹികള്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Update: 2019-06-04 11:42 GMT

കൊച്ചി: ഹെഡ് ലോഡ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡ് പെരുന്നാള്‍ അഡ്വാന്‍സ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളികള്‍ നടത്തുന്ന സമരം അഞ്ച് ദിവസം പിന്നിട്ടു. സമരത്തെ തുടര്‍ന്ന് കയറ്റു മതി മേഖല സ്തംഭിച്ചു.കയറ്റുമതി ചെയ്യാന്‍ കഴിയാതെ ചരക്കുകള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നത് വഴി ഭീമമായ നഷ്ടമാണ് പ്രതിദിനം സംഭവിക്കുന്നതെന്ന് ആള്‍ ഇന്ത്യ സ്പൈസസ് എക്സപോര്‍ട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ് ), കൊച്ചിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ്, ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് എന്നീ സംഘടനകളുടെ ഭാരവാഹികള്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വിദേശ കരാറുകള്‍ പാലിക്കാന്‍ കഴിയാതെ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.സര്‍ക്കാര്‍ ഇടപെട്ട് പ്രശന പരിഹാരം ഉടന്‍ കാണണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.കഴി്ഞ്ഞ വര്‍ഷത്തെ പോലെ പതിനയ്യായിരം രൂപ അഡ്വാന്‍സ് വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.എന്നാല്‍ തൊഴിലാളികളുടെ ശരാശരി വേതനം പരിശോധിച്ച് തയ്യാറാക്കിയ സ്ലാബ് അടിസ്ഥാനത്തില്‍ അഡ്വാന്‍സ് നല്‍കാമെന്നാണ് വെല്‍ഫയര്‍ ബോര്‍ഡിന്റെ നിലപാട്.

പ്രശ്നത്തിന്റെ മുഴുവന്‍ ആഘാതവും പേറുന്നത് കയറ്റുമതി വ്യവസായമാണെന്ന് എഐഎസ്ഇഎഫ് ചെയര്‍മാന്‍ രാജീവ് പലീച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുഗന്ധവ്യഞ്ജന കയറ്റുമതിയെയാണ് ഇത് ഏറ്റവും ബാധിച്ചിരിക്കുന്നത്.മിന്നല്‍ പണിമുടക്കിനും സമരങ്ങള്‍ക്കും ലോക വ്യാപാര രംഗത്ത് ഒരു സ്ഥാനവും ഇല്ല. ആഭ്യന്തര പണിമുടക്ക് മൂലം കരാര്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്ന് ലോക രാഷ്ട്രങ്ങളോടും വ്യാപാരികളോടും പറയാനാകില്ല. ഇറക്കുമതിക്കാര്‍ സംസ്ഥാനം വിട്ട് മറ്റു സ്ഥിരതയുള്ള വ്യാപാര കേന്ദ്രങ്ങള്‍ തേടി പോകുന്ന സാഹചര്യമാണ് ഇതുസൃഷ്ടിക്കുന്നതെന്ന് രാജീവ് പലീച പറഞ്ഞു.പ്രശ്നത്തില്‍ അടിയന്തിരമായി മുഖ്യമന്ത്രി നേരിട്ടിടപ്പെട്ട്കയറ്റുമതി പുനസ്വാപിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് മധുസൂദനന്‍ ഗുപ്ത, കൊച്ചിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് മുന്‍ ചെയര്‍മാന്‍ സി എസ് കര്‍ത്ത, ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം മുന്‍ ചെയര്‍മാന്‍ ഗുല്‍ഷന്‍ ജോണ്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ കേണല്‍ ഡെറിക് സെബാസ്റ്റ്യന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: