സ്കൂൾ പരിസരത്ത് ലഹരി വിൽപന; പോലിസ് റെയ്ഡിൽ രണ്ടുപേർ പിടിയിൽ

വിദ്യാർഥികൾ തന്നെ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കല്ലമ്പലം പോലിസ് നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ 250 ഓളം പായ്ക്കറ്റ് ചൈനി ഖൈനി, 50 ഓളം പായ്ക്കറ്റ് ശംഭു, നൂറോളം പായ്ക്കറ്റ് സിഗരറ്റുകളും ബീഡിയും പിടിച്ചെടുത്തു.

Update: 2019-06-28 14:54 GMT

തിരുവനന്തപുരം: സ്കൂൾ പരിസരങ്ങളിൽ നിന്നും ലഹരി പദാർഥങ്ങൾ തുടച്ച് നീക്കുന്നതിനായി വിദ്യാർഥികളുമായി ചേർന്ന് കല്ലമ്പലം പോലിസ് നടപ്പിലാക്കിയ ഓപ്പറേഷൻ സ്റ്റുഡന്റ്സ് സേഫ് പദ്ധതിയെ തുടർന്ന് രണ്ടുപേരെ പിടികൂടി. പറക്കുളം ജിഎച്ച്എസ്എസിന് സമീപം കട നടത്തിവന്ന അഖിൽ(23), ചിറ്റായിക്കോട് സ്വദേശിയായ ബാബു(60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥികൾ തന്നെ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കല്ലമ്പലം പോലിസ് ഇൻസ്പെക്ടർ അനൂപ് ആർ ചന്ദ്രൻ, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ 250 ഓളം പായ്ക്കറ്റ് ചൈനി ഖൈനി, 50 ഓളം പായ്ക്കറ്റ് ശംഭു, നൂറോളം പായ്ക്കറ്റ് സിഗരറ്റുകളും ബീഡിയും പിടിച്ചെടുത്തു.

 ഇതുകൂടാതെ സ്കൂൾ വിടുന്ന സമയത്ത് അമിത വേഗതയിൽ അപകടകരമായി ബൈക്ക് റേസിങ് നടത്തിയ നാവായിക്കുളം യതുക്കാട് സ്വദേശി വിപിൻ, മണമ്പൂർ ആശുപത്രിക്ക് സമീപമുള്ള സുബി, കല്ലമ്പലം മേനാപ്പാറ സ്വദേശി സഞ്ചു എന്നിവരെ പിടികൂടി കേസെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് കല്ലമ്പലം പോലിസ് അറിയിച്ചു

Tags:    

Similar News