പാലക്കാട് നഗരസഭയിലെ കൈയ്യാങ്കളി; യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം

നഗരസഭയ്ക്ക് മുന്നിലെ ബാരിക്കേഡുകള്‍ ഭേദിച്ച് പ്രവര്‍ത്തകര്‍ നഗരസഭ വളപ്പിലേക്ക് തള്ളികയറിയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Update: 2022-03-08 13:52 GMT

പാലക്കാട്: നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ തങ്ങളുടെ അംഗത്തിന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഡിസിസി ഓഫിസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് നഗരസഭയ്ക്ക് മുന്നിലെ ബാരിക്കേഡുകള്‍ ഭേദിച്ച് പ്രവര്‍ത്തകര്‍ നഗരസഭ വളപ്പിലേക്ക് തള്ളികയറിയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സമരക്കാര്‍ നഗരസഭ ഓഫിസില്‍ പ്രവേശിക്കുന്നത് പോലിസ് തടയുകയും നഗരസഭ വളപ്പില്‍ കയറിയ പ്രവര്‍ത്തകരെ ടൗണ്‍ സൗത്ത് പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.

ഇരുപതുമിനുറ്റോളം നേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. പിടികൂടിയ ഇരുപതോളം പേര്‍ക്കെതിരെ പോലിസ് കേസെടുത്തു.

തിങ്കളാഴ്ച ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി ഉണ്ടായത്. ബിജെപി അംഗം മിനി കൃഷ്ണകുമാറിന്റെ വസ്ത്രം വലിച്ചുകീറിയതായും കോണ്‍ഗ്രസ് അംഗം അനുപമക്ക് മര്‍ദ്ദനമേറ്റെന്നുമാണ് ആരോപണം. മോയന്‍ സ്‌കൂളിലെ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ടുള്ള അജണ്ട ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി ഉണ്ടായത്.സ്‌കൂള്‍ നിലനില്‍ക്കുന്ന വാര്‍ഡിലെ കൗണ്‍സിലറാണ് മിനി കൃഷ്ണകുമാര്‍.

വര്‍ഷങ്ങളായിട്ടും സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാത്തത് പാലക്കാട് എംഎല്‍എയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും വീഴ്ചയാണെന്ന മിനി കൃഷ്ണകുമാറിന്റെ ആരോപണത്തെ എതിര്‍ത്ത് പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് സഭ പ്രക്ഷുബ്ദമായി.ഇതിനിടെ യോഗം നിയന്ത്രിച്ചിരുന്ന നഗരസഭ വൈസ് ചെയര്‍മാന്റെ മൈക്ക് ഉപയോഗിച്ച് മിനി കൃഷ്ണകുമാര്‍ സംസാരിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മൈക്ക് പിടിച്ചുവാങ്ങാന്‍ നടന്ന ബഹളത്തിനിടെയുണ്ടായ പിടിവലിയിലാണ് മിനി കൃഷ്ണകുമാറിന്റെ വസ്ത്രം കീറിയത്. ഇതിനുപിന്നാലെ തുടര്‍ച്ചയായി കോണ്‍ഗ്രസ് അംഗമായ അനുപമയെ മുഖത്തടിച്ചതായാണ് പരാതി.

അനുപമയും മിനി കൃഷ്ണകുമാറും വൈകീട്ടോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും പോലിസില്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവം ഏറ്റെടുത്ത് തിങ്കളാഴ്ച രാത്രി തന്നെ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിനു തുടര്‍ച്ചയായി ഇന്ന് രാവിലെ നഗരസഭയിലേക്ക് നടന്ന യുഡിഎഫ് മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. അതിനുശേഷം ബിജെപി വനിതാ കൗണ്‍സിലര്‍ക്കുനേരെ ഉണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപിയും മാര്‍ച്ച് നടത്തി. പാര്‍ട്ടി ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് അഞ്ചുവിളക്ക് പരിസരത്ത് സമാപിച്ചു.

Tags: