എസ്ഡിപിഐ പ്രവര്‍ത്തകന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രകടനം

Update: 2022-04-08 12:39 GMT

പരപ്പനങ്ങാടി: മാസങ്ങള്‍ക്ക് മുമ്പ് ചെട്ടിപ്പടിയിലെ കുപ്പിവളവില്‍ മദ്‌റസാ വിദ്യാര്‍ഥിയെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന് നേരേ നടന്നെന്ന് പറയപ്പെടുന്ന ആക്രമണത്തില്‍ പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പില്‍ എസ്ഡിപി ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. എസ്ഡിപിഐ പ്രവര്‍ത്തകനായ ചെട്ടിപ്പടിയിലെ പാണ്ടി യാസര്‍ അറഫാത്തിനെയാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങി വരുമ്പോള്‍ മഫ്ത്തിയിലെത്തിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പാണ് മദ്‌റസാ വിദ്യാര്‍ഥിക്കെതിരായ ആക്രമണം നടക്കുന്നത്.

മദ്‌റസയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ രാവിലെ ചെട്ടിപ്പടി കുപ്പിവളവിലെ രാമനാഥന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസിക രോഗമാണന്ന് പറഞ്ഞ് നിസാര വകുപ്പ് ചുമത്തി സ്റ്റേഷന്‍ ജാമ്യം നല്‍കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ക്ക് നേരേ ആക്രമണമുണ്ടായെന്നാരോപിച്ചുള്ള കേസിലാണ് പോലിസിന്റെ അറസ്റ്റ് നടപടി.

ഇതിനെതിരേ എസ്ഡിപി ഐ പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. ആര്‍എസ്എസ് ക്രിമിനലുകള്‍ക്ക് മാനസിക സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പോലിസ്, മാനസിക രോഗിയുടെ വാക്കും കേട്ട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത് ആര്‍എസ്എസ്സിനെ തൃപ്തിപ്പെടുത്താനാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അത്തരം ഉദ്യോഗസ്ഥരെ ആര്‍എസ്എസ്സുകാരായി തന്നെയാണ് ജനങ്ങള്‍ കാണുകയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ബ്രാഞ്ച്, മുനിസിപ്പല്‍ നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News