ബിജെപി ആഹ്ലാദപ്രകടനം കടന്നുപോവാന്‍ പൊയ്ക്കുതിര സംഘത്തെ എസ്ഐ ആക്രമിച്ചെന്ന്; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു (വീഡിയോ)
വള്ളിക്കുന്ന് അത്താണിക്കലില്വച്ചാണ് ഇന്നലെ രാത്രി ഏഴുമണിയോടെ സംഭവം നടന്നത്.
വള്ളിക്കുന്ന്: ബിജെപിയുടെ വിജയാഹ്ലാദറാലി കടന്നുപോവുന്നതിന് കളിയാട്ടത്തിന്റെ വരവ് അറിയിച്ചെത്തിയ പൊയ്ക്കുതിര സംഘത്തെ പരപ്പനങ്ങാടി എസ്ഐയുടെ നേതൃത്വത്തില്‍ പോലിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാരും പൊയ്ക്കുതിര സംഘങ്ങളും റോഡ് ഉപരോധിച്ചു. വള്ളിക്കുന്ന് അത്താണിക്കലില്വച്ചാണ് ഇന്നലെ രാത്രി ഏഴുമണിയോടെ സംഭവം നടന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ വിജയാഹ്ലാദം കടന്നുപോവാന്‍ പൊയ്ക്കുതിരയുമായി വന്ന സംഘത്തിനുനേരെയാണ് പരപ്പങ്ങാടി എസ്ഐ രഞ്ജിത്ത് മുന്നറിയിപ്പില്ലാതെ മര്‍ദനം അഴിച്ചുവിട്ടത്. നിസാര വാക്കുതര്‍ക്കം പരിഹരിക്കാമെന്നിരിക്കെ പ്രകോപിതനായി എസ്ഐ ദലിത് സംഘത്തെ ആക്രമിച്ചെന്നാരോപിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ മണിക്കൂറോളം അത്താണിക്കലില്‍ റോഡ് ഉപരോധിച്ചത്.
പോലിസിന്റ അക്രമത്തെ തുടര്‍ന്ന് സുബ്രഹ്മണ്യന്, ഉണ്ണി, വിജയ, ശ്രീജിത്ത്, കെ വി രതീഷ്, രാജി, എം കെ നായടി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ കോട്ടക്കടവ് സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടി. ഇത്തരത്തില്‍ നിസാരപ്രശ്നങ്ങളുടെ പേരില്‍ ജനങ്ങളെ മര്‍ദിക്കുന്നത് എസ്ഐ രഞ്ജിത്തിന് ഹരമായി മാറിയിരിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
തിരഞ്ഞെടുപ്പ് ദിവസം ആനങ്ങാടിയില്‍ ഒരു പ്രകോപനവുമില്ലാതെ നാട്ടുകാരെ മര്‍ദിച്ചതിനും ദിവസങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ മര്‍ദിച്ചതിനും മാസങ്ങള്‍ക്ക് മുമ്പ് എസ്ഡിപിഐ പ്രവര്‍ത്തകനെ വീട്ടുകാരുടെ മുന്നില്‍വച്ചും മറ്റും ആക്രമിച്ചതിനും ഇയാള്‍ക്കെതിരേ ഉന്നതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ബിജെപി പ്രവര്‍ത്തകര്‍ ഹര്‍ത്താലില്‍ അടക്കം അക്രമം അഴിച്ചുവിട്ടിട്ടും നടപടികള്‍ സ്വീകരിക്കാത്തതും എസ്ഐയുടെ ആര്‍എസ്എസ് വിധേയത്വത്തിന് തെളിവാണന്ന് നാട്ടുകാര്‍ പറയുന്നു.