3500 കുടുംബങ്ങള്‍ക്കു വേണ്ടി നിര്‍മിച്ച ജലനിധി പദ്ധതിയില്‍ കുടിവെള്ളം ലഭിക്കുന്നില്ല

Update: 2020-02-19 13:13 GMT

അരീക്കോട്: രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ഊര്‍ങ്ങാട്ടിരിയിലെ ജലനിധി പദ്ധതിയില്‍ വെള്ളം ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി. പമ്പിങ് ആരംഭിച്ച ശേഷം പല പ്രദേശങ്ങളിലും പൈപ്പ് പൊട്ടുന്നത് സ്ഥിരമായതോടെ ജല വിതരണം നിര്‍ത്തിവച്ചിരിക്കയാണ്. ജലസേചന വകുപ്പ് നിര്‍ദേശിക്കുന്ന പൈപ്പുകള്‍ സ്ഥാപിക്കുന്നതിനു പകരം ഗുണനിലവാരം കുറഞ്ഞ പൈപ്പുകളും വാള്‍വുകളും ഉപയോഗിച്ചതാണ് തകര്‍ച്ചയ്ക്കു കാരണം. അറ്റകുറ്റപ്പണിക്ക് ആളെ നിയമിക്കാത്തതിനാല്‍ ഗുണഭോക്താക്കള്‍ പരാതിപ്പെട്ടിട്ടും തകരാര്‍ പരിഹരിക്കാന്‍ യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ജലനിധി പദ്ധതി നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ഉദ്ഘാടനം നിര്‍വഹിച്ചത് രാഷ്ട്രീയ താല്‍പര്യമായിരുന്നെന്ന ആരോപണം നിലനില്‍ക്കെ തന്നെ വേനല്‍ രൂക്ഷമായതോടെ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം ലഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. നിര്‍മാണത്തിലെ അപാകതയാണ് തകര്‍ച്ചയ്ക്കു കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

    21 വാര്‍ഡുകളുള്ള ഊര്‍ങ്ങാട്ടിരിയില്‍ 18 വാര്‍ഡുകളിലേക്കായി 3534 വീടുകളിലേക്കാണ് കണക്ഷന്‍ നല്‍കിയത്. വേനല്‍ കടുത്തതോടെ വെള്ളം ലഭ്യമാവാത്തതാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. ലോകബാങ്ക് സഹായത്താല്‍ 21 കോടി ചെലവഴിച്ച് നിര്‍മിച്ച സംസ്ഥാനത്തിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയെന്ന് അവകാശപ്പെടുന്ന ജലനിധി കുടിവെള്ള പദ്ധതിക്ക് വേണ്ടി ആദ്യഘട്ടത്തില്‍ വാങ്ങിയ പൈപ്പുകള്‍ ഗുണനിലവാരം കുറഞ്ഞതായിരുന്നു. ലോക ബാങ്ക് ഉദ്യാഗസ്ഥര്‍ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയ പൈപ്പുകള്‍ പിന്നീട് മാറ്റി വിലയും ഗുണനിലവാരവും കുറഞ്ഞത് ഇറക്കുമതി ചെയ്യുകയായിരുന്നു. ആദ്യഘട്ട പദ്ധതി പ്രവര്‍ത്തനത്തിനു നേതൃത്വ നല്‍കിയ ജലനിധിയിലെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അശാസ്ത്രീയമായ പൈപ്പ് സ്ഥാപിച്ചത് വിവാദമായതും ക്രമക്കേട് നടന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓഫിസറെ ഒഴിവാക്കുകയായിരുന്നു. മൂന്ന് ഷെഡ്യൂളിലായി നടന്ന പദ്ധതിയില്‍ അനുബന്ധ ഉപകരണങ്ങള്‍, പൈപ്പ്, പ്രവര്‍ത്തിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയവയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി പരാതിയുയര്‍ന്നിരുന്നു. രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി വിതരണം നടത്തേണ്ടിയിരുന്ന ജലനിധി പദ്ധതി വൈകാന്‍ കാരണം സാമ്പത്തിക ക്രമക്കേടും പദ്ധതി നടത്തിപ്പിലെ അശാസ്ത്രീയതയുമാണ്.

    പരിചയ സമ്പനരല്ലാത്തവരും തുടക്കക്കാരുമായ ഉദ്യോഗസ്ഥരെ ചുമതലയേല്‍പ്പിച്ചതും പദ്ധതിയിലെ അപാകതയായി കണക്കാക്കപ്പെടുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയാണ് പദ്ധതി നീണ്ടുപോവാന്‍ കാരണമെന്നും പഞ്ചായത്ത് വിഹിതമായ മൂന്നര കോടി ഫണ്ട് അനുവദിക്കാന്‍ വൈകിപ്പിച്ചതും കാരണമെന്നും ആക്ഷേപമുണ്ട്. ജലനിധി പദ്ധതി ഗുണഭോക്തൃ വിഹിതമായി 1.34 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഗുണഭോക്തൃവിഹിതം വാങ്ങിയ വാര്‍ഡ് മെംബര്‍മാര്‍ ഉള്‍പ്പെടെയുള്ള സമിതി ഭാരവാഹികളില്‍ ചിലര്‍ ലക്ഷങ്ങള്‍ അടക്കാതെ കൈവശം വച്ചതായും വിവരവകാശ രേഖകളില്‍ നിന്നു വ്യക്തമായിരുന്നു.


Tags:    

Similar News