വനം വകുപ്പ് നിര്‍ത്താന്‍ ഉത്തരവിട്ടിട്ടും അനധികൃത ക്വാറി തുടരുന്നു

തേജസ് വാര്‍ത്തയെ തുടര്‍ന്ന് വനഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് വനം വകുപ്പ് ക്വാറി പ്രവര്‍ത്തനം നിറുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.

Update: 2019-01-13 14:45 GMT

അരീക്കോട്: വനം വകുപ്പ് നിര്‍ത്താന്‍ ഉത്തരവിട്ട ഓടക്കയം ഈന്തും പാലിയിലെ വെറ്റിലപ്പാറ ബ്രിക്‌സ് & മെറ്റല്‍സ് കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം തുടരുന്നു. ഇതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. തേജസ് വാര്‍ത്തയെ തുടര്‍ന്ന് വനഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് വനം വകുപ്പ് ക്വാറി പ്രവര്‍ത്തനം നിറുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.

വാര്‍ത്തയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനം വകുപ്പിലെ അഡീഷണര്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിര്‍ദ്ദേശപ്രകാരം ഒരു മാസം മുമ്പ് ആരംഭിച്ച സര്‍വ്വേയുടെ അടിസ്ഥാനത്തിലായിരുന്നു വനം വകുപ്പ് നടപടി. ഇരുപത് വര്‍ഷമായി തുടരുന്ന ക്വാറി ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ വനഭുമിയിലാണ് പ്രവര്‍ത്തിക്കുന്നത്. വനഭൂമി കയ്യേറ്റം, അനധികൃത ഖനനം ഉള്‍പ്പെടെ 25 കോടിയോളം രൂപയുടെ നഷ്ടമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉണ്ടായത്. ഈ തുക ക്വാറി ഉടമയില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്ന് ക്വാറിക്കെതിരെ പരാതി നല്‍കിയവര്‍ പറഞ്ഞു. അനധികൃത ക്വാറി പ്രവര്‍ത്തനത്തിന് പിന്നില്‍ ഉദ്യോഗസ്ഥ- ക്വാറി മാഫിയ ബന്ധമാണ്. ഇവരെ സംരക്ഷിക്കാന്‍ ഊര്‍ങ്ങാട്ടിരിയിലെ രാഷ്ട്രിയ പാര്‍ട്ടികളും കൂട്ടുനില്‍ക്കുന്നതായാണ് ആരോപണം.

രണ്ട് മാസം മുമ്പ് മലപ്പുറം ജില്ലാ കലക്ടര്‍ സ്‌റ്റോപ് മെമ്മോ നല്‍കുകയും റവന്യു, വനം വകുപ്പ് സംയുകത സര്‍വേ കഴിയുന്നതുവരെ പ്രവര്‍ത്തി തടഞ്ഞുവെക്കുകയും ചെയ്തതിനെതിരെ ക്വാറി ക്രഷര്‍ ഉടമ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ സ്‌റ്റേ കാലാവധി അവസാനിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രവര്‍ത്തനം തുടരുകയാണ്. ക്വാറി ക്രഷര്‍ അനുവദിക്കുന്നതിനാവശ്യമായ പരിസ്ഥിതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ വെറ്റിലപ്പാറ വില്ലേജിലാണ് പഞ്ചായത്തില്‍ നല്‍കിയ രേഖയിലുള്ളതെങ്കിലും സര്‍ക്കാറിന്റെ ഔദ്യോഗിക വെബ് പേജില്‍ കൊണ്ടോട്ടി വില്ലേജിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിക്ഷിപ്ത വനം ഭൂമിയില്‍പ്പെട്ട പ്രദേശത്തിന് തെറ്റിദ്ധരിപ്പിച്ച് ഇസി സര്‍ട്ടിഫിക്കറ്റ് നല്‍കി അനധികൃത ഖനനത്തിന് ഒത്താശ നല്‍കിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ കോഴിക്കോട് വിജിലന്‍സ് എസ്പിക്ക് പരാതി സമര്‍പ്പിച്ചിരുന്നു.

ആദിവാസി ഭൂസംരക്ഷണ നിയമപ്രകാരം പതിച്ചു നല്‍കിയ ഓടക്കയം ഈന്തും പാലിയുള്‍പ്പെടെ 8/2 സര്‍വ്വേ നമ്പറില്‍പ്പെട്ട നിക്ഷിപ്ത വനഭൂമി വനം വകുപ്പിലെ ആകട് അനുസരിച്ച് കൃഷിക്കും വീട് നിര്‍മ്മാണത്തിനും മാത്രമേ വിനിയോഗിക്കാവു എന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഈന്തും പാലിയുള്‍പ്പെടെയുള്ള നിക്ഷിപ്ത വനമേഖലയില്‍ വ്യാപകമായ ഭൂമി കയ്യേറ്റം നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്. 

Tags:    

Similar News