മത വിദ്വേഷം പ്രചരിപ്പിച്ച പിഎസ്‌സി ബുള്ളറ്റിന്‍: വെല്‍ഫെയര്‍ പാര്‍ട്ടി പോലിസില്‍ പരാതി നല്‍കി

Update: 2020-05-11 11:56 GMT

തിരുവനന്തപുരം: കൊവിഡ് പരത്തിയത് പ്രത്യേക മതവിഭാഗമാണെന്ന തരത്തില്‍ ഏപ്രില്‍ 15ലെ പി എസ്‌സി ബുള്ളറ്റിനിലെ സമകാലികം പംക്തിയില്‍ ചോദ്യോത്തരം പ്രസിദ്ധീകരിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരേ മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പിഎസ് സി ബുള്ളറ്റിന്‍ പത്രാധിപ സമിതി ചെയര്‍പേഴ്‌സണ്‍, പ്രിന്റര്‍ ആന്റ് പബ്ലിഷര്‍, പംക്തി കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ എന്നിവര്‍ക്കെതിരേ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ് മെഡിക്കല്‍ കോളജ് പോലിസില്‍ പരാതി നല്‍കി. മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

    കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ആധികാരിക റഫറന്‍സായി കണക്കാക്കുന്ന പിഎസ് സി ബുള്ളറ്റിന്‍ മതവിദ്വേഷം പ്രചരിപ്പിക്കാനുള്ള മാര്‍ഗമായി കണ്ടത് ഒരു നിലയ്ക്കും പൊറുക്കാവുന്നതല്ല. ആ ബുള്ളറ്റിന്‍ പിന്‍വലിച്ചതുകൊണ്ട് പ്രശ്‌നം തീരുന്നില്ല. മതവിദ്വേഷ പ്രചാരണം നടത്തുക എന്ന കൊടിയ ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. ഇനിയും ഇതാവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദികളെ നിയമപരമായി ശിക്ഷിക്കുക തന്നെ വേണം. കേരളത്തിലെ പോലിസ് സംവിധാനം ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ മറ്റ് നിയമ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.




Tags: