കൊവിഡ്: കടലില്‍ കുടുങ്ങിയ മര്‍ച്ചന്റ് നേവി ജീവനക്കാരെയും ആഡംബരക്കപ്പലുകളില്‍ കുടുങ്ങിയ മലയാളികളെയും തിരികെ എത്തിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ മര്‍ച്ച് നേവി ജീവനക്കാരായ ആയിരക്കണക്കിന് മലയാളികളാണ് ആശങ്കയോടെ കപ്പലുകളില്‍ കഴിയുന്നത്. കപ്പലില്‍ ജോലി പൂര്‍ത്തിയായവര്‍ വീട്ടിലെത്താന്‍ സാധിക്കാത്തതിന്റെ കടുത്ത സമ്മര്‍ദ്ദത്തിലാണ്. രാജ്യത്തെ രണ്ട് ലക്ഷത്തോളം മര്‍ച്ചന്റ് നേവി ജീവനക്കാരില്‍ 30,000 ത്തോളം പേരും മലയാളികളാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണു പ്രദീപ് പറഞ്ഞു

Update: 2020-05-26 09:57 GMT

കൊച്ചി: കൊവിഡിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മര്‍ച്ചന്റ് നേവി ജീവനക്കാരെയും വിവിധ ആഡംബരക്കപ്പലുകളിലായി പല രാജ്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ മലയാളികളെയും തിരികെ നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ മര്‍ച്ച് നേവി ജീവനക്കാരായ ആയിരക്കണക്കിന് മലയാളികളാണ് ആശങ്കയോടെ കപ്പലുകളില്‍ കഴിയുന്നത്. കപ്പലില്‍ ജോലി പൂര്‍ത്തിയായവര്‍ വീട്ടിലെത്താന്‍ സാധിക്കാത്തതിന്റെ കടുത്ത സമ്മര്‍ദ്ദത്തിലാണ്. രാജ്യത്തെ രണ്ട് ലക്ഷത്തോളം മര്‍ച്ചന്റ് നേവി ജീവനക്കാരില്‍ 30,000 ത്തോളം പേരും മലയാളികളാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണു പ്രദീപ് പറഞ്ഞു.

ആറ് മാസം മുതല്‍ ഒമ്പത് മാസം വരെയാണ് ജോലി കരാര്‍. തുടര്‍ന്ന് ശമ്പളമില്ലാത്ത അവധി. ഇതോടെ ഡ്യൂട്ടിയില്‍ പ്രവേശിക്കാനാകാത്തവര്‍ വരുമാനമില്ലാതെ വിഷമിക്കുന്ന അവസ്ഥയുമുണ്ട്.ഇതിന് പുറമേ വിവിധ ആഡംബര കപ്പലുകളിലായി മൂവായിരത്തോളം മലയാളികള്‍ കുടുങ്ങി കിടക്കുന്നുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ ഐക്യനാടുകളിലുമായി കപ്പലുകളില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇവര്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുകയാണ്. ഇത്തരത്തില്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ എത്രയും വേഗം നാട്ടിലെത്താനുള്ള സാഹചര്യം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാക്കണമെന്നും പ്രവാസികള്‍ക്കുകൊടുക്കുന്ന എല്ലാ പരിഗണനയും ഇവര്‍ക്കും നല്‍കണമെന്നും വിഷ്ണു പ്രദീപ് ആവശ്യപ്പെട്ടു. 

Tags: