ബ്രൂവറി വിവാദത്തില്‍ അഴിമതി മൂടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്: ചെന്നിത്തല

Update: 2018-10-03 09:04 GMT

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ അഴിമതി മൂടിവെക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വാര്‍ത്താസമ്മേളനത്തിലൂടെ തെളിഞ്ഞതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

എക്‌സൈസ് അഡി. ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്നാണ് മദ്യ രാജാക്കന്മാര്‍ക്ക് ബ്രുവറി അനുവദിച്ചത്. ഇത് വസ്തുതാ വിരുദ്ധമാണെങ്കില്‍ പറയണമെന്നും ഇല്ലെങ്കില്‍ എക്‌സൈസ് മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സര്‍ക്കാരിന് ഡിസ്റ്റലറി ലൈസന്‍സ് അനുവദിക്കാന്‍ കഴിയില്ലെന്ന് എക്‌സൈസ് ഡെപ്യൂട്ടി സെക്രട്ടറി ഫയലില്‍ എഴുതി. ഈ ഫയല്‍ ഏഴ് മാസം മന്ത്രിയുടെ ഓഫിസില്‍ സൂക്ഷിച്ചു. ജൂലൈ ഏഴിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്. ഇടപാട് ഉറപ്പിക്കാനാണ് ആറ് മാസം വൈകിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

പുതിയ ഡിസ്റ്റലറി അനുവദിച്ചാണോ മദ്യ ലഭ്യത കുറയ്ക്കുന്നതെന്നും 1999ലെ ഉത്തരവ് നയമല്ലെങ്കില്‍ അത് അടിസ്ഥാനമാക്കി അനുമതി നല്‍കിയതെന്തിനെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മന്ത്രിസഭാ തീരുമാനം മാറ്റണമെങ്കില്‍ മറ്റൊരു മന്ത്രിസഭാ തീരുമാനം വേണം. തത്വത്തിലോ പ്രാഥമിക അനുമതിയോ നല്‍കാന്‍ എക്‌സൈസ് ചട്ടപ്രകാരം കഴിയില്ല.

നാല് അപേക്ഷകളിലും ദുരൂഹതയുണ്ട്. കിന്‍ഫ്ര ജനറല്‍ മാനേജര്‍ സ്ഥലം അനുവദിച്ചത് അധികാരമില്ലാതെയാണ്. വ്യാജരേഖ ചമച്ചാണ് ജനറല്‍ മാനേജര്‍ ജോലിയില്‍ പ്രവേശിച്ചതെന്നും കിട്ടിയ പാരിതോഷികത്തിന് നന്ദി കാണിക്കുകയാണ് സര്‍ക്കാറെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Tags:    

Similar News