ലൈഫ് മിഷന്‍ കോഴക്കേസ്: മുഖ്യമന്ത്രി മറുപടി പറയണം; പ്രതിപക്ഷം പറഞ്ഞത് സത്യമെന്ന് തെളിഞ്ഞെന്ന് രമേശ് ചെന്നിത്തല

Update: 2023-02-15 07:05 GMT

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കോഴ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചവര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായതോടെ സത്യം പുറത്തുവന്നെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നടന്നത്. ഇത് വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേയ്ക്കാണ്. അദ്ദേഹം ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷം നേരത്തെ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ലൈഫ് മിഷനെ ഇല്ലാതാക്കാനുള്ള ആരോപണമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

കേന്ദ്ര ഏജന്‍സികള്‍ സത്യസന്ധമായി കേസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശിവശങ്കറിന്റെ അറസ്റ്റ്. താന്‍ പ്രതിപക്ഷനേതാവായിരുന്ന സമയത്ത് ഉയര്‍ത്തിയ ഓരോ കാര്യങ്ങളും സത്യമാണെന്ന് തെളിയുകയാണ്. സ്വര്‍ണപ്പാത്രം കൊണ്ട് മൂടിവച്ചാലും സത്യം പുറത്തുവരും. കേന്ദ്ര ഏജന്‍സികള്‍ നിഷ്പക്ഷമായി അന്വേഷണം നടത്തിയാല്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാവും. സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ടുകൊണ്ടാണ് സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ കേസിലുമെല്ലാം അന്വേഷണം ഇഴഞ്ഞുനീങ്ങിയത്. ഇപ്പോള്‍ കൂട്ടുകെട്ട് പൊട്ടിയോ എന്നാണ് സംശയമെന്നും ചെന്നിത്തല പറഞ്ഞു.

Tags: