ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ ഡയറക്ടര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖേ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശം അവഗണിച്ചാണ് ഋഷികുമാര്‍ ശുക്ലയെ സിബിഐ ഡയറക്ടറാക്കിയത്.

Update: 2019-02-02 12:16 GMT

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ സിബിഐയുടെ പുതിയ ഡയറക്്ടറായി മധ്യപ്രദേശ് മുന്‍ പോലിസ് മേധാവി ഋഷികുമാര്‍ ശുക്ലയെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖേ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശം അവഗണിച്ചാണ് ഋഷികുമാര്‍ ശുക്ലയെ സിബിഐ ഡയറക്ടറാക്കിയത്. 1984ലെ ഐപിഎസ് ബാച്ചിലെ മുതിര്‍ന്ന ഓഫിസര്‍മാരായ ജാവീദ് അഹ്മദ്, രജനീകാന്ത് മിശ്ര, എസ് എസ് ദേസ്വാള്‍ തുടങ്ങിയവര്‍ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും അവസാനം ഒഴിവാക്കി. ഉത്തര്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിമിനോളജി ആന്റ് ഫോറന്‍സിക് സയന്‍സിന്റെ തലവനാണ്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ തലവനാണ് രജനി കാന്ത് മിശ്ര, ഹരിയാന കേഡര്‍ ഉദ്യോഗസ്ഥനായ എസ്എസ് ദേസ്വാള്‍ ഐടിബിപി ഡയറക്ടര്‍ ജനറലാണ്. സിബിഐക്ക് സ്ഥിരം ഡയറക്ടറെ നിയമിക്കാത്തതില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം നടത്തിയത്.

    ആലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നു നീക്കിയ ശേഷം ജനുവരി 10 മുതല്‍ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. നിലവില്‍ എന്‍ നാഗേശ്വര റാവുവായിരുന്നു ഡയറക്ടറുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ഉന്നതാധികാര സമിതിയിലുണ്ടായിരുന്നത്. അസ്താനയ്‌ക്കെതിരായ നടപടികളിലൂടെ വിവാദങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ ആഴ്ചകള്‍ക്കു ശേഷമാണ് സിബിഐയുടെ തലപ്പത്തേക്ക് പുതിയ ഡയറക്്ടര്‍ എത്തുന്നത്.





Tags:    

Similar News