ബിജെപിയില്‍ അഭയം തേടുന്ന കമ്മ്യൂണിസ്റ്റുകള്‍; ബംഗാളില്‍ സംഭവിക്കുന്നത്

പാര്‍ട്ടിയുടെ സവര്‍ണ ആഭിമുഖ്യവും തൊഴിലാളി-അധസ്ഥിത-പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയും ഏകാധിപത്യ രീതികളുമാണ് സാമാന്യ ജനങ്ങളെ സിപിഎമ്മില്‍ നിന്ന് അകറ്റിയതെന്ന് അല്‍-ജസീറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Update: 2021-04-01 07:16 GMT

ന്യൂഡല്‍ഹി: 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി 34 വര്‍ഷം ഭരണം കയ്യാളിയ സിപിഎം ഇപ്പോള്‍ പശ്ചിമ ബംഗാളിന്റെ ചിത്രത്തില്‍ നിന്ന് മായുകയാണ്. ചുവപ്പുകോട്ടകള്‍ കാവിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് ബംഗാളിലെങ്ങും കാണുന്നത്. 2016ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ 26.6 ശതമാനം വോട്ട് ഷെയര്‍ ഉണ്ടായിരുന്ന ഇടതുപക്ഷത്തിന്റെ വോട്ട് ഷെയര്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 7.5 ആയി കുത്തനെ കുറഞ്ഞു. അതേസമയം, ബിജെപിയുടെ വോട്ട് ഷെയര്‍ 10.16 ശതമാനത്തില്‍ നിന്ന് 40.7 ശതമാനമായി വര്‍ദ്ധിച്ചു.

പതിറ്റാണ്ടുകള്‍ കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന ബംഗാളില്‍ ഇടതുപക്ഷം തകരുകയും ആ സ്ഥാനത്ത് ഹിന്ദുത്വ വലതുപക്ഷം പിടിമുറുക്കുയും ചെയ്യുന്നത് എന്ത് കൊണ്ടാണെന്ന് അല്‍-ജസീറ പ്രതിനിധി തയ്യാറാക്കിയ സുദീര്‍ഘമായ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പതിറ്റാണ്ടുകളോളം ചെങ്കൊടിയേന്തിയ ആയിരക്കണക്കിന് സിപിഎം പ്രവര്‍ത്തകരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. സിപിഎം വിട്ട് ബിജെപിയെ തിരഞ്ഞെടുക്കാനുള്ള കാരണവും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

കുമരേഷ് അധികാരി എന്ന 71കാരന്റെ അനുഭവങ്ങളിലൂടെയാണ് അല്‍-ജസീറ റിപ്പോര്‍ട്ട് തുടങ്ങുന്നത്. 18 വയസ്സിന് മുന്‍പ് തന്നെ സിപിഎമ്മിന്റെ ഭാഗമായ, സിപിഎമ്മിന്റെ മികച്ച സംഘാടകനായിരുന്ന കുമരേഷ് തന്റെ 71ാം വയസ്സിലാണ് ഹിന്ദുത്വ പാര്‍ട്ടിയുടെ ഭാഗമാവുന്നത്. പാര്‍ട്ടിയുടെ ആശയങ്ങള്‍ ജീവിതത്തിന്റെ ഭാഗമായിരുന്ന പഴയകാല പ്രവര്‍ത്തകരുടെ മാറ്റം രാഷ്ട്രീയ നിരീക്ഷകരില്‍ വലിയ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. പാര്‍ട്ടിയുടെ സവര്‍ണ ആഭിമുഖ്യവും തൊഴിലാളി-അധസ്ഥിത-പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയും ഏകാധിപത്യ രീതികളുമാണ് സാമാന്യ ജനങ്ങളെ സിപിഎമ്മില്‍ നിന്ന് അകറ്റിയതെന്ന് അല്‍-ജസീറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഒരിക്കല്‍ പോലും പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയിട്ടില്ലാത്ത ബിജെപി ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാകുന്നതിന്റെ കാരണവും സിപിഎമ്മില്‍ നിന്നുള്ള ഈ കൊഴിഞ്ഞുപോക്കുകളാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ബംഗാളിലെ പടിഞ്ഞാറെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നുള്ള അധികാരി താന്‍ എന്ത് കൊണ്ടാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് പറയുന്നുണ്ട്. 'കമ്മ്യൂണിസ്റ്റുകള്‍ പാവങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു. ഞാന്‍ ദരിദ്ര കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ്. അത് കൊണ്ടാണ് സിപിഎം പ്രവര്‍ത്തകനായി. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങളുടെ അവസ്ഥയില്‍ യാതൊരുമാറ്റവും ഉണ്ടായില്ല. ഇപ്പോഴും ദരിദ്രനായി തുടരുന്നു. സിപിഎം ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതികള്‍ നടപ്പാക്കിയില്ല. എന്റെ ഗ്രാമത്തിന്റെ അവസ്ഥ തന്നെ അതിന് ഉദാഹരണമാണ്' അധികാരി വ്യക്തമാക്കി. തങ്ങളുടെ മണ്ഡലവും 34 വര്‍ഷം ഇടതുപക്ഷം ആണ് ഭരിച്ചതെന്നും 2011ലാണ് ജനങ്ങള്‍ മാറി ചിന്തിച്ചതെന്നും അധികാരി കൂട്ടിച്ചേര്‍ത്തു. 2011 ല്‍ ജനങ്ങള്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ ഭരണത്തിലേറ്റി.

ഇടതുപക്ഷത്ത് നിന്ന് രാമനിലേക്ക്

നീണ്ട കാലത്തെ രാഷ്ട്രീയ അധിക്രമങ്ങളുടേയും കൊലകളുടേയും ചരിത്രമുണ്ട് ബംഗാളിന്. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നതിലും കൊന്ന് തള്ളുന്നതിലും സിപിഎം തന്നേയായിരുന്നു മുന്നില്‍. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതോടെ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ പകവീട്ടല്‍ ആരംഭിച്ചു. തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി അധികാരി പറഞ്ഞു. അധികാരം നഷ്ടപ്പെട്ടതോടെ സിപിഎം ബംഗാളില്‍ ദുര്‍ബലമായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിരോധിക്കാന്‍ പോലും കരുത്തില്ലാതെ സിപിഎം തകര്‍ന്നു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആക്രമണങ്ങളില്‍ രക്ഷ തേടി നിരവധി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. 2014ലാണ് നിരവധി സഹപ്രവര്‍ത്തകരോടൊപ്പം ബിജെപിയില്‍ ചേര്‍ന്നതെന്ന് അധികാരി പറയുന്നു. ഇടതുപക്ഷത്ത് നിന്നുള്ള രാമനിലേക്കുള്ള മാറ്റമായിരുന്നു അതെന്ന് പഴയ സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. ഹിന്ദുത്വ പ്രചാരണവും സിപിഎം പ്രവര്‍ത്തകരെ സ്വാധീനിച്ചു. പശുവിന്റെ പേരില്‍ നടത്തിയ സംഘാടനവും ഹിന്ദുത്വ ആശയങ്ങളും സിപിഎം പ്രവര്‍ത്തകരെ ആകര്‍ശിച്ചു. ബിജെപിയില്‍ ചേര്‍ന്നതോടെ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ തങ്ങള്‍ക്ക് പരിശീലനം ലഭിച്ചതായി സിപിഎമ്മിന്റെ പഴയകാല പ്രവര്‍ത്തകര്‍ പറഞ്ഞതായി അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദുത്വ ആശയങ്ങളും ധര്‍മവും സംരക്ഷിക്കേണ്ടത് ഹിന്ദു യുവാക്കളുടെ ബാധ്യതയാണെന്ന് വിഎച്ച്പി പരിശീലന ക്ലാസുകളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ പഠിപ്പിച്ചു. മുസ് ലിംകള്‍ പശുക്കളെ കടത്തികൊണ്ട് പോകുന്നതിനെ കുറിച്ചും ഗോ മാതാവിനെ കശാപ്പ് ചെയ്യുന്നതിനെതിനെ കുറിച്ചും വര്‍ഗീയ പ്രചാരണം നടത്തി. വിദ്വേഷവും ധ്രുവീകരണ തന്ത്രവും ബംഗാളില്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ ബിജെപി വിജയിച്ചു. പശുവിനെ സംരക്ഷിക്കാനുള്ള ഗോ രക്ഷാ സേനകള്‍ രൂപീകരിച്ചു.

മുസ് ലിംകള്‍ കടത്തിക്കൊണ്ട് പോവാന്‍ ശ്രമിച്ച 250 പശുക്കളെ സംരക്ഷിതായി സിപിഎം വിദ്യാര്‍ഥി സംഘടനയുടെ നേതാവായിരുന്ന സൊമന്‍ ഘോഷ്(33) പറയുന്നു. ഒരു ഹിന്ദു എന്ന നിലയില്‍ പശുക്കളെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് സൊമന്‍ ഘോഷ് പറയുന്നു.

അന്ത്യത്തിന്റെ തുടക്കം

നന്ദിഗ്രാം സംഭവമാണ് പശ്ചിമ ബംഗാളിലെ സിപിഎമ്മിന്റെ അന്ത്യത്തിന് തുടക്കം കുറിച്ചത്. നന്ദിഗ്രാമിലെ കാര്‍ഷിക ഭൂമി സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ആക്കാനുള്ള മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ തീരുമാനത്തിനെതിരേ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു.

നന്ദിഗ്രാമില്‍ കര്‍ഷക ഭൂമി കുത്തക മുതലാളിമാര്‍ക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി പതിച്ചു നല്‍കിയ നടപടി വന്‍ പ്രധിഷേധ സമരങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് 2007 മാര്‍ച്ച് 14ന് നന്ദിഗ്രാമില്‍ സമരക്കാര്‍ക്ക് നേരെ നടന്ന പോലിസ് വെടിവെയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. കുത്തകകള്‍ക്ക് അനുകൂലമായുള്ള നയം സിപിഎമ്മിന്റെ അടിത്തറ ഇളക്കി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റില്‍ രണ്ട് സീറ്റില്‍ മാത്രമാണ് സിപിഎം വിജയിച്ചത്. 2019ലെ തിരഞ്ഞെടുപ്പില്‍ സിപിഎം നാമാവശേഷമായി. സിപിഎം ദുര്‍ബലമായതും സവര്‍ണ പ്രീണന നയങ്ങളും സിപിഎമ്മിന്റെ സാധാരണക്കാരില്‍ നിന്ന് അകറ്റി. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരും തൊഴിലാളികളും തൃണമൂല്‍ കോണ്‍ഗ്രസ്സിലും ബിജെപിയിലും അഭയം തേടി.

Tags: