കശ്മീരിലെ ആശയ വിനിമയ നിയന്ത്രണം നീക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്

'കശ്മീരിലെ ഇന്ത്യയുടെ ആശയവിനിമയ ഉപരോധം കശ്മീരികളുടെ ദൈനംദിന ജീവിതത്തിലും ക്ഷേമത്തിലും വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുന്നു. നിയന്ത്രണങ്ങള്‍ നീക്കി കശ്മീരികള്‍ക്ക് മറ്റേതൊരു ഇന്ത്യന്‍ പൗരനും ലഭിക്കുന്ന അതേ അവകാശങ്ങളും സ്വാതന്ത്ര്യവും നല്‍കേണ്ട സമയമാണിത്'. യുഎസ് വിദേശകാര്യ സമിതി ട്വിറ്ററില്‍ കുറിച്ചു.

Update: 2019-10-08 10:01 GMT

ന്യൂഡല്‍ഹി: കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആശയവിനിമയ ഉപരോധം നീക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്. കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യത്തിന് യുഎസ് കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ പിന്തുണ വര്‍ദ്ധിക്കുകയാണെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

ജന ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന കശ്മീരിലെ കരിനിഴല്‍ നീക്കണമെന്ന് വിദേശകാര്യ സമിതി ട്വീറ്റില്‍ ആവശ്യപ്പെട്ടു. 'കശ്മീരിലെ ഇന്ത്യയുടെ ആശയവിനിമയ ഉപരോധം കശ്മീരികളുടെ ദൈനംദിന ജീവിതത്തിലും ക്ഷേമത്തിലും വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുന്നു. നിയന്ത്രണങ്ങള്‍ നീക്കി കശ്മീരികള്‍ക്ക് മറ്റേതൊരു ഇന്ത്യന്‍ പൗരനും ലഭിക്കുന്ന അതേ അവകാശങ്ങളും സ്വാതന്ത്ര്യവും നല്‍കേണ്ട സമയമാണിത്'. ട്വിറ്ററില്‍ കുറിച്ചു. ഉപരോധം മൂലം ഉണ്ടാകാവുന്ന മരണങ്ങളെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് ലേഖനത്തിലേക്കുള്ള ഒരു ലിങ്കും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 5 ന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ വിഭജിക്കുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

Tags: