സിപിഎമ്മുകാര്‍ക്കെതിരേ യുഎപിഎ; മുഖ്യമന്ത്രി വിശദീകരണം തേടി

ഉത്തരമേഖലാ ഐജി നേരിട്ടെത്തി അന്വേഷണം തുടങ്ങി

Update: 2019-11-02 07:47 GMT

കോഴിക്കോട്: മാവോവാദി ബന്ധമുള്ള ലഘുലേഖ കൈവശം വച്ചെന്നാരോപിച്ച് രണ്ട് സിപിഎം പ്രവര്‍കരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് വിശദീകരണം തേടി. സിപിഎം നടുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസിലെ രണ്ടാം വര്‍ഷ നിയമബിരുദ വിദ്യാര്‍ഥിയുമായ അലന്‍ ഷുഹൈബ്, പാറമ്മല്‍ ബ്രാഞ്ചംഗവും ജേണലിസം വിദ്യാര്‍ഥിയുമായ താഹ ഫസലിനെയും പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്തത് വിവാദമായതോടെയാണ് നടപടി. ഏത് സാഹചര്യത്തിലാണ് യുഎപിഎ ചുമത്തിയതെന്ന് അറിയിക്കണമെന്ന് മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പന്തീരാങ്കാവ് പോലിസ് സ്‌റ്റേഷനിലെത്തി നേരിട്ട് അന്വേഷണം നടത്താന്‍ ഉത്തരമേഖലാ ഐജി അശോക് യാദവിനോട് ഡിജിപി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ഉത്തരമേഖലാ ഡിഐജി അശോക് യാദവ് പോലിസ് സ്‌റ്റേഷനിലെത്തി. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. മാത്രമല്ല, ഇരുവരുടെയും കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു.

    അതിനിടെ, ഇരുവര്‍ക്കും മാവോവാദി പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടാവാന്‍ ഒരു സാധ്യതയുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കുമെന്ന് അലന്‍ ഷുഹൈബിന്റെ പിതാവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഷുഹൈബ് അറിയിച്ചു. മകന് മാവോവാദി സംഘടനകളുമായി ഒരു ബന്ധവുമുണ്ടാവാന്‍ സാധ്യതയില്ലെന്നും ആരോ കൊടുത്ത ലഘുലേഖയാണ് പോലിസ് കൊണ്ടുപോയതെന്നും അലന്റെ മാതാവ് സബിത മഠത്തിലും പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും അന്വേഷിക്കാന്‍ ഉറപ്പുനല്‍കിയെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ആറോടെ മാവോവാദി അനുകൂല ലഘുലേഖകളുമായി പന്തീരങ്കാവില്‍ മൂന്ന് പേരുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചെന്നും ഇതേത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നുമാണ് പോലിസ് പറയുന്നത്. ഒരാള്‍ ഓടി രക്ഷപ്പെട്ടെന്നും പോലിസ് പറയുന്നു. സിപിഎം(മാവോയിസ്റ്റ്) പശ്ചിമമേഖലാ കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ ലഘുലേഖയാണ് ഇവരില്‍ നിന്ന് പിടികൂടിയതെന്നും സര്‍ക്കാരിനെയും പോലിസിനെയും തണ്ടര്‍ബോള്‍ട്ടിനെയും രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ഉള്ളടക്കമെന്നും പോലിസ് സൂചിപ്പിച്ചു. അതിനിടെ, പോലിസ് അറസ്റ്റ് ചെയ്തവരെ സിപിഎം പ്രാദേശിക നേതാക്കള്‍ സ്റ്റേഷനിലെത്തി സന്ദര്‍ശിച്ചു.



Tags:    

Similar News