റോഹിന്‍ഗ്യന്‍ വംശഹത്യ തടയണം; മ്യാന്‍മറിനോട് അന്താരാഷ്ട്ര കോടതി

വ്യാഴാഴ്ച നടന്ന വിധിന്യായത്തില്‍ സൂചി പങ്കെടുത്തില്ല. പകരം മ്യാന്‍മറിനെ പ്രതിനിധീകരിച്ച സ്റ്റേറ്റ് കൗണ്‍സിലര്‍ ഓഫിസ് മന്ത്രി ക്യാ ടിന്റ് സ്വീയാണ് പങ്കെടുത്തത്.

Update: 2020-01-23 12:57 GMT
ഹേഗ്: റോഹിന്‍ഗ്യയിലെ മുസ് ലിം വംശഹത്യ തടയാന്‍ മ്യാന്‍മാര്‍ ഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് നടപ്പാക്കുന്നതിനു വേണ്ടി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് നാലു മാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നും യുഎന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രിസൈഡിങ് ജഡ്ജി അബ്ദുല്‍ ഖ്വാവി അഹമ്മദ് യൂസുഫ് ആവശ്യപ്പെട്ടു. ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനു ശേഷമാണ് കോടതിയുടെ തീരുമാനം. ആറു മാസം കൂടുന്തോറും പുരോഗതി റിപോര്‍ട്ട് കൈമാറണമെന്നും കോടതി വ്യക്തമാക്കി. തീരുമാനത്തെ ഐക്യകണ്‌ഠ്യേന സ്വാഗതം ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ റോഹിന്‍ഗ്യകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ശക്തമായ നടപടിയാണിതെന്നു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രതിനിധി പരംപ്രീത് സിങ് പറഞ്ഞു. വംശഹത്യയും പലായനവും തടയാന്‍ അധികാരത്തിലിരുന്ന സാധ്യമായതെല്ലാം ചെയ്യണമെന്ന യുഎന്‍ കോടതിയുടെ നിര്‍ദേശം മ്യാന്‍മര്‍ ഭരണാധികാരിയും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂചിക്കു കനത്ത തിരിച്ചടിയായി.

   


മ്യാന്‍മര്‍ സൈന്യത്തിന്റെ പിന്തുണയോടെ ബുദ്ധമത വിശ്വാസികള്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് 740,000 റോഹിന്‍ഗ്യന്‍ മുസ് ലിംകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്‌തെന്നാണു റിപോര്‍ട്ട്. 2017ല്‍ തുടങ്ങിയ അതിക്രമങ്ങളില്‍ ഇതാദ്യമായാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലുണ്ടാവുന്നത്. 1948ലെ വംശഹത്യാ കണ്‍വന്‍ഷനു കീഴില്‍ മുസ്‌ലിം ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ നല്‍കിയ പരാതിയിലാണ് കോടതി അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുള്ളത്. അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മ്യാന്‍മറിലെ റോഹിന്‍ഗ്യകള്‍ അങ്ങേയറ്റം ദുര്‍ബലരായി തുടരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

    രണ്ടാം ലോക മഹായുദ്ധത്തിനുശേഷം രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇടപെടാനുള്ള യുഎന്നിന്റെ ഉന്നത നീതിന്യായ സ്ഥാപനമായ അന്താരാഷ്ട്ര കോടതിക്ക് കേസില്‍ ഇടപെടാനാവുമെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ ഭരണം കൈയാളുന്ന മ്യാന്‍മറിനെതിരേ ഉയര്‍ന്ന കൂട്ടക്കൊല, വ്യാപകമായ ബലാല്‍സംഗം, തീയിടല്‍ തുടങ്ങിയ ആരോപണങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ ആങ് സാന്‍ സൂചി ഡിസംബറില്‍ ഹേഗ് സന്ദര്‍ശിച്ചിരുന്നു. ചില സൈനികര്‍ ന്യൂനപക്ഷ വിഭാഗത്തിനെതിരേ യുദ്ധക്കുറ്റം ചെയ്തിരിക്കാമെന്നും എന്നാല്‍ സൈന്യത്തിനു വംശഹത്യയില്‍ പങ്കില്ലെന്നുമായിരുന്നു മ്യാന്‍മര്‍ ഭരണകൂടത്തിന്റെ വാദം. സൈന്യത്തെ ന്യായീകരിച്ച ആങ് സാന്‍ സൂചി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തന്റെ രാജ്യത്തിന് കഴിവുണ്ടെന്നും കേസ് നടപടികള്‍ വേഗത്തിലാക്കുമെന്നും വാദിച്ചിരുന്നു. വ്യാഴാഴ്ച നടന്ന വിധിന്യായത്തില്‍ സൂചി പങ്കെടുത്തില്ല. പകരം മ്യാന്‍മറിനെ പ്രതിനിധീകരിച്ച സ്റ്റേറ്റ് കൗണ്‍സിലര്‍ ഓഫിസ് മന്ത്രി ക്യാ ടിന്റ് സ്വീയാണ് പങ്കെടുത്തത്.

    അതേസമയം, അന്താരാഷ്ട്ര കോടതി ഉത്തരവുകള്‍ രാഷ്ട്രങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരാണെങ്കിലും അവ നടപ്പിലാക്കാന്‍ കോടതിക്ക് അധികാരമില്ലെന്നു നെതര്‍ലാന്‍ഡിലെ ലൈഡന്‍ സര്‍വകലാശാലയിലെ അന്താരാഷ്ട്ര നിയമ വിഭാഗം അസി. പ്രഫസര്‍ സെസിലി റോസ് പറഞ്ഞു. എന്നിരുന്നാലും ഇത് എഴുതിത്തള്ളാനാവില്ല. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകള്‍ക്കും വിധിന്യായങ്ങള്‍ക്കും വലിയ നിയമസാധുതയുള്ളതാണ്. മ്യാന്‍മറിലെ സ്ഥിതി അതീവ ദയനീയമാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യപങ്ക് വഹിക്കുമെന്നും അവര്‍ പറഞ്ഞു.57 രാജ്യങ്ങളുള്ള ഒഐസി(ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ് ലാമിക് കണ്‍ട്രീസ്)യുടെ പിന്തുണയോടെയാണ് ഗാംബിയ കേസ് കൊടുത്തത്. കാനഡയും നെതര്‍ലാന്റും പിന്തുണ നല്‍കുകയും ചെയ്തു.




Tags:    

Similar News